തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസ് ഇടപെട്ട്, പീഡനക്കേസിലെ പ്രതിയെ രക്ഷിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണമാവശ്യപ്പെട്ട് തെളിവുകള്‍ ഹാജരാക്കി പരാതിക്കാരന്‍. കേസിലെ അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ വിവരങ്ങളുള്‍പ്പെടെയാണ് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍ വടകര എഎസ്പിക്ക് കൈമാറിയത്. എന്നാല്‍ കേസെടുക്കുന്നതില്‍ പൊലീസ് മെല്ലപ്പോക്ക് തുടരുകയാണ്.
പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസില്‍നിന്ന് പ്രതിയെ ഒഴിവാക്കിയെന്ന ആരോപണം സാധൂകരിക്കുന്ന വിവരങ്ങളാണ് ബാലകൃഷ്ണന്‍ ഹാജരാക്കിയത്. യഥാര്‍ഥ പ്രതിയെന്ന് ആരോപണമുള്ള വ്യവസായിയുടെ സ്ഥാനത്ത് പൊലീസ് പ്രതിചേര്‍ത്ത വേങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ, അതിജീവിതയ്ക്ക് നിയമസഹായം നല്‍കിയ അന്വേഷി മുന്‍ പ്രവര്‍ത്തക ശാന്ത, പിന്നീട് സംരക്ഷണം നല്‍കിയ സാമൂഹിക പ്രവര്‍ത്തക പി.ഇ.ഉഷ എന്നിവരുടെ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കിയതായി ബാലകൃഷ്ണന്‍ പറഞ്ഞു. ജോര്‍ജ് എം തോമസും ആരോപണ വിധേയനായ വ്യവസായി സിദ്ദിഖ് പുറായിലും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകളും വടകര റൂറല്‍ എ.എസ്.പിയ്ക്ക് കൈമാറി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജോര്‍ജ് എം തോമസിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തതോടെയാണ് പ്രതിയെ രക്ഷപെടുത്താന്‍ ജോര്‍ജ് ഇടപെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതിനുപിന്നാലെ ജൂലൈ ഇരുപതിനാണ് ബാലകൃഷ്ണന്‍ അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. ഒരാഴ്ച കഴിഞ്ഞ് ബാലകൃഷ്ണന്റെ മൊഴിയെടുത്ത പൊലീസ് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.