X

ഊതിയവരെല്ലാം ‘ഫിറ്റ്’; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി

ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിന് ഒരു തിരിച്ചടി. ഇന്നു രാവിലെ കോതമംഗലത്താണ് സംഭവം. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസൺ തുടങ്ങിയവർ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിച്ച് മദ്യപരെ കണ്ടെത്തുകയാണ് ലക്ഷ്യം.

ആദ്യം വന്നത് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജു. ബിജുവിനെ 8.05ന് ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം കഴിക്കാത്ത ബിജു എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു.

ഇതോടെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷൻ മാസ്റ്റർ ഊതിയപ്പോൾ അദ്ദേഹത്തിന്റ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. എന്നാൽ ഇനി സ്ത്രീകളുടെ ഊഴമാകാം എന്നായി. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോൾ അളവ് 48%. സ്റ്റോർ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോൾ 40%. ഓഫിസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണൻ ഊതിയപ്പോൾ 35 ശതമാനം.

‘ഊതിക്കാൻ വന്ന സാറുമ്മാരും കൂടി ഊതിയിട്ട് പോയാൽ മതി’ എന്നായി ജീവനക്കാർ. അങ്ങനെ ഇൻസ്പെക്ടർ രവി ഊതിയപ്പോൾ മദ്യത്തിന്റെ അളവ് 45%. രാവിലെ ‘ഫിറ്റാ’യി ബ്രത്തലൈസർ കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്നതാണ് കൗതുകം. എന്തായാലും ബ്രത്തലൈസറുമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ പെട്ടു എന്ന് ചുരുക്കം. ബ്രത്തലൈസറിന്റെ തകരാറാണ് പണിതന്നതെന്നാണ് നിഗമനം. എന്നാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതർ അറിയിച്ചു.

webdesk14: