സംസ്ഥാനത്ത് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് വയസുകാരന്‍, മാതൃസഹോദരന്‍ 25 വയസുകാരന്‍, കഴിഞ്ഞ ദിവസം മരണമടഞ്ഞ 40 വയസുകാരന്‍ എന്നിവര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ആദ്യം മരണമടഞ്ഞ 47 വയസുകാരനും നിപ പോസിറ്റീവാണെന്ന് അനുമാനിക്കുന്നതായി മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. മുന്‍കൂട്ടി പ്രതിരോധം ശക്തമാക്കാനാണ് അറിഞ്ഞയുടന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചു.