മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് പൈലറ്റിന് ദാരുണാന്ത്യം. മിറാഷ് 2000, സുഖോയ് 30 എന്നീ വിമാനങ്ങളാണ് തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനങ്ങള്‍ മൊറേനയ്ക്കു സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടം നടക്കുന്ന സമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടുപൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മിറാഷില്‍ ഒരാളും. ഇതില്‍ രണ്ടുപൈലറ്റുമാര്‍ സുരക്ഷിതരാണ് അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയില്‍ തകര്‍ന്നപ്പോള്‍ മറ്റൊന്ന് 100 കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പൂരില്‍ തകര്‍ന്നുവീണതായി അറിയാന്‍ സാധിച്ചത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ പുറത്തെടുക്കുകയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
റഷ്യന്‍ രൂപകല്പന ചെയ്ത സുഖോയ്, ഫ്രഞ്ച് മിറാഷ് 2000 എന്നിവയുടെ സ്‌ക്വാഡ്രണുകളുള്ള ഗ്വാളിയോര്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നത്. മൊറേനയിലെ പ്രദേശവാസികള്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ നിന്നുള്ള വീഡിയോകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതായി കാണാം. മിഡ് എയര്‍ കൂട്ടിയിടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പരിശോധിക്കാന്‍ വ്യോമസേന അന്വേഷണം ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.