മറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്ന സംഭാജി മഹാരാജിനെ കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് വിക്കീപീഡിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് നോട്ടീസ് അയച്ചത്.
ആക്ഷപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചവെന്നാരോപിച്ച് വിക്കീപീഡിയക്കെതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
പിന്നാലെയാണ് മഹാരാഷ്ട്ര സൈബര്‍ പൊലീസ് വിക്കീപീഡിയയ്ക്ക് നോട്ടീസ് നല്‍കിയത്. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഛത്രപതി സംബാജി മഹാരാജ് ഇന്ത്യയില്‍ വളരെയധികം ആദരിക്കപ്പെടുന്ന ആളാണെന്നും ചോദ്യം ചെയ്യപ്പെടുന്ന ഉള്ളടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും മഹാരാഷ്ട്ര പൊലീസ് അയച്ച കത്തില്‍ പറയുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചേക്കുമെന്നും കത്തില്‍ പറയുന്നു. അതേസമയം സാഹചര്യത്തിന്റെ ഗൗരവം സമയബന്ധിതമായി പരിഹരിക്കപ്പെടണമെന്നും ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാനും ഭാവിയില്‍ ഇത് വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വിക്കീപീഡിയ പോലുള്ള ഓപ്പണ്‍ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ വാദം.
‘ഛത്രപതി സംഭാജി മഹാരാജിനെതിരായ ആക്ഷേപകരമായ കാര്യം നീക്കം ചെയ്യാന്‍ വിക്കിപീഡിയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെടാനും ഞാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം എഴുത്തുകള്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്’, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും എഡിറ്റ് ചെയ്യാവുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വസ്തുതകളുടെ ഇത്തരം വളച്ചൊടിക്കല്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് വിക്കീപീഡിയയോട് അഭ്യര്‍ത്ഥിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശല്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ഛാവ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്നു സംഭാജി മഹാരാജെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.