ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിപലാണ് സുപ്രീംകോടതിയില്‍ ഹാജരായത്. മഅ്ദനിയുടെ ആരോഗ്യനില വഷളാണെന്ന് കപില്‍ സിപല്‍ കോടതിയെ അറിയിച്ചു. ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി തടവില്‍ കഴിയേണ്ട കാര്യമില്ലെന്ന് മഅ്ദനിക്കുവേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കേസില്‍ ഒരു സത്യവാങ്മൂലം കൂടി സമര്‍പ്പിക്കാനുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.
കുറച്ചുനാള്‍ മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് മഅ്ദനിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.