സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.
പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.
ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നത്.
2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.
ആദ്യം റഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായത്. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്‍ റിയാലായിരുന്നു.
റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദയ ധനം നല്‍കിയാല്‍ അബ്ദുല്‍ റഹീമിനു ജയില്‍ മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021-ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നില്‍നിന്നുള്ളവര്‍ പണം സംഭാവന ചെയ്തു.
പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.