മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചു. അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. 1970ലാണ് ആദ്യമായി ഇരുപത്തേഴാം വയസ്സില്‍ പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. അന്നത്തെ എം.എല്‍.എ ഇ.എം ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിനെ ചിട്ടയോടെ നയിക്കുന്നതിലും ഘടകക്ഷികളുമായി അനുരഞ്ജനത്തോടെ മുന്നണിയെ ഒത്തുകൊണ്ടുപോകുന്നതിലും അദ്ദേഹം അസൂയാവഹമായ പാടവം കാട്ടി. 1982 മുതല്‍ 86 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. 2004ല്‍ ആണ് ആദ്യമായി മുഖ്യമന്ത്രിയായത്. പിന്നീട് 2011-2016വരെയും മുഖ്യമന്ത്രിപദവി അലങ്കരിച്ചു.
ജനകീയനായ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധേയനായിരുന്നു. ജീവിച്ചിരിക്കുന്നവരില്‍ അഞ്ചുപതിറ്റാണ്ടുകാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച യാളെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി റെക്കോര്‍ഡിനുടമയാണ്. 12 തവണയാണ് അദ്ദേഹം പുതുപ്പള്ളിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പുതുപ്പളളിക്കാരുടെ കുഞ്ഞൂഞ്ഞ് ആയിരുന്നു അദ്ദേഹം. കെ.കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ചാരക്കേസില്‍ ആരോപണവിധേയനായി രാജിവെച്ചപ്പോള്‍ ഒഴിവുവന്നതില്‍ എ.കെ ആന്റണിയും പിന്നീട് മുഖ്യമന്ത്രിക്കസേരയില്‍നിന്ന് ആന്റണിയും രാജിവെച്ചതോടെയാണ് ഉമ്മന്‍ചാണ്ടിക്ക് നറുക്ക് വീഴുന്നത്.
2018ല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. നാലുതവണ മന്ത്രിയുമായി. 1977ലാണ് ആദ്യമായി തൊഴില്‍വകുപ്പുമായി മന്ത്രിക്കസേരയിലെത്തുന്നത്. കരുണാകരന്‍ മന്ത്രിസഭകളില്‍ രണ്ടുതവണയും ആന്റണി മന്ത്രിസഭയില്‍ രണ്ടുതവണയും ആഭ്യന്തര-ധനമന്ത്രിവരെയായി. ധനമന്ത്രിയായാണ് മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസില്‍ സജീവമായ ഉമ്മന്‍ചാണ്ടിയാണ് കോണ്‍ഗ്രസിലെ ഒരുപക്ഷത്തെ നിരന്തരം ചലിപ്പിച്ചത്. ഇത് കരുണാകരനുമായുള്ള ഏറ്റുമുട്ടലിന് കാരണമായി. 2006 മുതല്‍ രണ്ടുതവണ പ്രതിപക്ഷനേതാവുമായി.
മറിയാമ്മയാണ് ഭാര്യ. യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ മൂന്ന് മക്കള്‍.
വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ ഒട്ടേറെ വികസനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിനാണ്.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ അനുശോചിച്ചു.