പ്രണയം നിരസിച്ചതിന് മുംബൈയില്‍ പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാന്‍ ഈസ്റ്റില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ച്ചയായി പ്രണയം നിരസിച്ചതോടെ ആദിത്യയ്ക്ക് പെണ്‍കുട്ടിയോട് വൈരാഗ്യമുണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി പെണ്‍കുട്ടിയുടെ വസതിക്കു മുന്നില്‍ ആദിത്യ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതായാണ് വിവരം. രാത്രി എട്ടോടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍നിന്ന് അമ്മയോടൊപ്പം പെണ്‍കുട്ടി തിരിച്ചുവന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം.
വീട്ടിലേക്കുള്ള പടികള്‍ കയറുന്നതിനിടെ പിന്നിലൂടെ എത്തിയ ഇയാള്‍ അമ്മയെ തള്ളിമാറ്റി പെണ്‍കുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദിത്യയില്‍നിന്ന് തന്റെ മകളെ രക്ഷിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ ഗുരുതരമായ മുറിവുണ്ടായി. പെണ്‍കുട്ടിയെ എട്ടോളം തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആദിത്യയെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.