X

ബി.ജെ.പിയുടേത് വിലകെട്ട പ്രവൃത്തി’; ഒരു വോട്ട് പോലും കൊടുക്കരുതെന്ന് സിദ്ധരാമയ്യ

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു വോട്ട് പോലും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സര്‍ക്കാരിന്റെ അന്ന ഭാഗ്യ പദ്ധതി പ്രകാരം ഗുണഭോക്താവിന് അധികമായി നല്‍കാനുള്ള അഞ്ച് കിലോ അരി നിഷേധിച്ച കേന്ദ്രത്തിന് മനുഷ്യത്വമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി 7 കിലോ അരി വിതരണം ചെയ്തിരുന്നു. പിന്നീട് ബി.ജെ.പി അത് നാലും അഞ്ചും കിലോ ആയി ചുരുക്കി. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അധികമായി 5 കിലോ അരി നിങ്ങളിലേക്ക് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.’ ക്ഷീര ഭാഗ്യ പദ്ധതിയുടെ പത്താം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ അന്ന ഭാഗ്യ പദ്ധതിക്കായി അരി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്‌സിഐക്ക് കത്തയച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ എഫ്‌സിഐയെ വിശ്വസിച്ചു. എന്നാല്‍ കേന്ദ്രം നമുക്ക് അരി നിഷേധിച്ചു. ബിജെപി പാവങ്ങളുടെ പക്ഷത്താണോ?, അല്ല. സൗജന്യമായല്ല കേന്ദ്രത്തോട് അരി ചോദിച്ചത്. ആദ്യം അരി തരാന്‍ തയ്യാറാവുകയും പിന്നീട് അതില്‍ നിന്നും പിന്മാറുകയുമായിരുന്നു. അവര്‍ എത്ര വിലകെട്ട പ്രവര്‍ത്തിയാണ് ചെയ്തതെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കൂ. അവര്‍ ദരിദ്രര്‍ക്കൊപ്പമല്ല. മനുഷ്യത്വമില്ല.’ സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയ്ക്ക് അരി നല്‍കുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുപോയതിന് പിന്നിലെ കാരണം വിശദീകരിച്ച മുഖ്യമന്ത്രി, പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി നല്‍കിയാല്‍ സംസ്ഥാനങ്ങള്‍ പാപ്പരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

webdesk13: