ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് പ്ലാറ്റ്ഫോമില്‍ നിന്ന് ചാടിയ വിനോദ സഞ്ചാരി മരിച്ചു. ചൈനയിലെ മക്കാവു ടവറില്‍ നിന്ന് ചാടിയ ജാപ്പനീസ് പൗരനാണ് മരിച്ചത്. 764 അടി ഉയരത്തില്‍ നിന്ന് ചാടിയ 56 കാരന്‍ തൊട്ടുപിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു.
ബംഗീ ജമ്പിനിടെയുണ്ടായ ശ്വാസതടസമാണ് മരണ കാരണം എന്നാണ് വിവരം. അബോധാവസ്ഥയിലായ ഉടന്‍ തന്നെ അദ്ദേഹത്തെ കോണ്ടെ എസ്. ജനുവാരിയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗീ ജമ്പിങിന് പേരുകേട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ചൈനയിലെ മക്കാവു ടവര്‍. സ്വകാര്യ കമ്പനിയായ എജെ ഹാക്കറ്റിന്റെ സ്‌കൈപാര്‍ക്ക് എന്ന സ്ഥാപനമാണ് മക്കാവു ടവറിലെ ജമ്പിങ് നിയന്ത്രിക്കുന്നത്. ജംപില്‍ പങ്കെടുക്കുന്നതിന് മുമ്പ് ചാടുന്നയാളിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരെ അറിയിക്കണമെന്ന് കമ്പനിയുടെ വെബ് സൈറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്.
എജെ ഹാക്കറ്റിന്റെ സ്‌കൈപാര്‍ക്കില്‍ ബന്‍ജി ജംപ് നടത്തുന്നതിനായി ഒരു റൗണ്ടിന് ഏകദേശം 25,000 രൂപയാണ് ചിലവ് . ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും കമ്പനി ബംഗീ ജംപുകള്‍ നടത്തുന്നുണ്ട്.
30 വര്‍ഷത്തിലേറെയായി 4 ദശലക്ഷം ജമ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരാണ് തങ്ങളെന്ന് കമ്പനി വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു. സുരക്ഷാ ക്രമീകരണങ്ങളോടെ സഹായത്തോടെ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കയറിയ ശേഷം താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ് ബംഗീ ജമ്പ്.