X

മഞ്ചേരിയില്‍ നിരോധിത പുകയിലയുല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായെത്തിയ ലോറി പോലീസ് പിടികൂടി

മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. പിടികൂടിയത് നിരോധിച്ച പുകയിലയുല്‍പന്നങ്ങളുടെ രണ്ടരലക്ഷത്തിലധികം പായ്ക്കറ്റുകള്‍. മൈസൂരില്‍ നിന്നും ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ നിരോധിത പുകയിലയുല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായി രണ്ടുപേര്‍ മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയിലായി. മണ്ണാര്‍ക്കാട് പെരുമ്പിടാരി സ്വദേശികളായ റിയാസ്(39),ചെറിയാറക്കല്‍ ഫിറോസ്(52) എന്നിവരെയാണ് മഞ്ചേരി സി.ഐ.സുനില്‍പുളിക്കല്‍, എസ്.ഐ. ജസ്റ്റിന്‍ എന്നിവരും സംഘവും അറസ്റ്റ് ചെയ്തത്.

ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വന്‍തോതില്‍ നിരോധിതപുകയിലയുല്‍പന്നങ്ങള്‍ ചരക്കുലോറികളിലും മറ്റും രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ച് വില്‍പനനടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് മഞ്ചേരി സി.ഐ.സുനില്‍ പുളിക്കല്‍, എസ്‌.ഐ. ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മഞ്ചേരി പുല്ലാരയില്‍ പഴയ സ്ക്കൂള്‍ കെട്ടിടം വാടകക്കെടുത്ത് അവിടേക്ക് ലോറിയില്‍ ഇത്തരം നിരോധിച്ച പുകയിലയുല്‍പന്നങ്ങളെത്തിച്ച് ചെറു വണ്ടികളില്‍ ജില്ലയിലെ കടകളിലെത്തിച്ച് വില്‍പനനടത്തുന്ന സംഘത്തെ പിടികൂടിയത്. ഇത്തരം പുകയിലയുല്‍പന്നങ്ങള്‍ വില്‍പനനടത്തുന്ന കടകളെകുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും പരിശോധനനടത്തുമെന്നും മഞ്ചേരി സി.ഐ. സുനില്‍ പുളിക്കല്‍, എസ്.ഐ. ജസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.

webdesk14: