X

സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം; ചന്ദ്രയാന്‍ 3 റോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറില്‍നിന്നു പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം പുറത്തുവിട്ടു. പ്രഗ്യാന്‍ റോവര്‍ ഇന്നലെ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, 4 മീറ്റര്‍ വ്യാസമുള്ള വലിയ കുഴിക്കു മുന്നില്‍പ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 3 മീറ്റര്‍ ദൂരത്തായി ഗര്‍ത്തം കണ്ടതിനെ തുടര്‍ന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവര്‍ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

2023 ഓഗസ്റ്റ് 27ന്, റോവറിന്റെ സഞ്ചാരപാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി 4 മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടു. ഇതേത്തുടര്‍ന്ന് വന്ന വഴിക്കു തിരിച്ചുപോകാന്‍ റോവറിന് നിര്‍ദ്ദേശം നല്‍കി. റോവര്‍ ഇപ്പോള്‍ സുരക്ഷിതമായി പുതിയൊരു പാതയിലൂടെ നീങ്ങുകയാണ്.’ ഐഎസ്ആര്‍ഒ കുറിച്ചു.

കഴിഞ്ഞ ദിവസം വിക്രം ലാന്‍ഡറില്‍നിന്നു ചന്ദ്രന്റെ മണ്ണിലേക്കിറങ്ങിയ പ്രഗ്യാന്‍ റോവര്‍ 8 മീറ്റര്‍ സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെ കുറഞ്ഞ വേഗത്തിലാണ് റോവര്‍ സഞ്ചരിക്കുന്നത്. പ്രഗ്യാന്‍ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് എന്നീ ശാസ്ത്രീയ ഉപകരണങ്ങള്‍ റോവറിലുണ്ട്. ഈ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി.

ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്‌സ്എസ് പരിശോധിക്കുക. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്‌ന!ീഷ്യം, അലുമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്‌സ് പഠിക്കും.

സ്വയം വിലയിരുത്തിയതും റോവറില്‍ നിന്നുള്ളതുമായ വിവരങ്ങള്‍ വിക്രം ലാന്‍ഡര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്‌പേസ് നെറ്റ്!വര്‍ക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാന്‍ വിക്രമിന് ശേഷിയുണ്ട്. തുടര്‍ന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കണ്‍ട്രോള്‍ സ്‌റ്റേഷന്‍ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാല്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആര്‍ഒയെ സഹായിക്കുന്നുണ്ട്.

റോവറും ലാന്‍ഡറും 2 ആഴ്ച ചന്ദ്രനില്‍ പ്രവര്‍ത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകല്‍. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോള്‍ സൗരോര്‍ജം ലഭിക്കാതാകുന്നതോടെ ലാന്‍ഡറും റോവറും പ്രവര്‍ത്തനരഹിതമാകും. എന്നാല്‍, വീണ്ടും പകല്‍ തുടങ്ങുമ്പോള്‍ ഇവ ഒരിക്കല്‍കൂടി പ്രവര്‍ത്തിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.

 

webdesk13: