X

അന്ന് കേരള കോണ്‍ഗ്രസ് രാജിവച്ചു; നായനാര്‍ വീണു- ആദ്യ എല്‍ഡിഎഫ് സര്‍ക്കാറിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കം ഇങ്ങനെ

തിരുവനന്തപുരം: ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നല്ല. കെഎം മാണിയുടെ മരണശേഷം ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാ പ്രശ്‌നങ്ങളാണ് ജോസ് കെ മാണിയെ സമ്പൂര്‍ണമായി ഇടതുപാളയത്തിലെത്തിച്ചത്. മാണിയെ സഭയിലും പുറത്തും അവഹേളിച്ച ഒരു സഖ്യത്തിലേക്കാണ് ജോസിന്റെ പോക്ക് എന്നതും ശ്രദ്ധേയം.

39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇടതു മുന്നണി സര്‍ക്കാറായിരുന്നു അത്. 1980 ജനുവരി 25നാണ് നായനാര്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ സര്‍ക്കാറിന് 20 മാസവും 20 ദിവസവും മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അന്ന് എല്‍ഡിഎഫിലുണ്ടായിരുന്നത് സിപിഐ(എം), സിപിഐ, എ.കെ ആന്റണിയുടെ കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ്(മാണി), കേരള കോണ്‍ഗ്രസ് (പിള്ള), അഖിലേന്ത്യാ മുസ്‌ലിം ലീഗ്, ആര്‍എസ്പി എന്നീ കക്ഷികളായിരുന്നു. കോണ്‍ഗ്രസ് ഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(ജോസഫ്), പിഎസ്പി, എന്‍ഡിപി, എസ്ആര്‍പി എന്നിവ യുഡിഎഫിലും.

മൊത്തം 93 പേരുടെ പിന്തുണയാണ് സര്‍ക്കാറിനുണ്ടായിരുന്നത്. സിപിഎമ്മിന് 35 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. സിപിഐക്ക് 17 ഉം കോണ്‍ഗ്രസ് യുവിന് 21നും കേരള കോണ്‍ഗ്രസിന് എട്ടും അഖിലേന്ത്യാ ലീഗിന് അഞ്ചും. 1981 ഒക്ടോബര്‍ 20ന് കോണ്‍ഗ്രസ് യു പിന്തുണ പിന്‍വലിച്ചു. അതിനു മുമ്പ് ആറ് അംഗങ്ങളുണ്ടായിരുന്ന ആര്‍എസ്പി പിളര്‍ന്നു, 1981 മെയ് 26ന്. ബേബി ജോണിന്റെയും ശ്രീകണ്ഠന്‍ നായരുടെയും ഗ്രൂപ്പുകള്‍ രണ്ട് പാര്‍ട്ടികളായി. ബേബി ജോണ്‍ ഭരണപക്ഷത്ത് തുടര്‍ന്നു. ശ്രീകണ്ഠന്‍ നായര്‍ പ്രതിപക്ഷത്തേക്കു പോയി. ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്, കടവൂര്‍ ശിവദാസന്‍.

അതിനു പിന്നാലെ കോണ്‍ഗ്രസ് യുവും സിപിഎമ്മും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ഓഫീസ് മാര്‍ക്‌സിസ്റ്റുകാര്‍ തകര്‍ത്തു. ദേശാഭിമാനി വാരികയില്‍ എഡിറ്റര്‍ തായാട്ട് ശങ്കരന്‍ ആന്റണിയെ വിമര്‍ശിച്ച് ലേഖനമെഴുതി. ഇതോടെ, 1981 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തെ വേളി യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി, ഡിസിസി നേതാക്കളുടെ യോഗം സര്‍ക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

21 പേരുടെ പിന്തുണ പിന്‍വലിച്ചിട്ടും നായനാര്‍ അധികാരം വിട്ടില്ല. നാലു നാള്‍ മാത്രമേ അതു നീണ്ടുള്ളൂ. ഒക്ടോബര്‍ 20ന് എട്ട് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസും മന്ത്രിസഭ വിട്ടു. ഇതോടെ ആദ്യത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അകാല ചരമമടഞ്ഞു.

പിന്നീട് ആന്റണിയുടെയും കരുണാകരന്റെയും നേതൃത്വത്തിലുള്ള രണ്ട് കോണ്‍ഗ്രസുകള്‍ സഹകരിച്ച് കരുണാകരന്‍ മുഖ്യന്ത്രിയായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സിഎച്ച് മുഹമ്മദ് കോയ. എന്നാല്‍ കോണ്‍ഗ്രസ് യുവിലെ ആറു പേര്‍, പിസി ചാക്കോ, എസി ഷണ്‍മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, വിസി കബീര്‍, ശങ്കര നാരായണപ്പിള്ള എന്നിവര്‍ അതിനു പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസ് യുവിന്റെ പ്രസിഡണ്ടായി ശരദ് പവാര്‍ എത്തിയതോടെ ആ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസ് എസ് എന്ന പേരില്‍ അറിയപ്പെട്ടു.

Test User: