X
    Categories: Sports

ബുംറയെ കണക്കിന് പ്രഹരിച്ച് ഓസീസിന്റെ 19കാരന്‍ സാം കോണ്‍സ്റ്റാസ്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ വിറപ്പിച്ച് 19കാരനായ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ്. ഇന്ത്യന്‍ പേസ് നിരയിലെ ഏറ്റവും അപകടകാരിയായ ബോളര്‍ ജസ്പ്രീത് ബുംറയെ ഭയലേശമന്യേ നേരിട്ടാണ് യുവതാരം ടെസ്റ്റ് ക്രിക്കറ്റില്‍ വരവറിയിച്ചത്. ഓസീസിനായി ഇന്ന് അരങ്ങേറ്റം കുറിച്ച സാം കന്നി മത്സരത്തിന്റെ സങ്കോചങ്ങളൊന്നുമില്ലാതെ അര്‍ധ സെഞ്ച്വറി കുറിച്ചു.

ബുംറ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട് കോണ്‍സ്റ്റാസ് അതിവേഗം ടീം സ്‌കോര്‍ ഉയര്‍ത്തുന്നത് തലവേദനയാകുമെന്ന് കണ്ടതോടെ വിരാട് കോഹ്ലി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് മത്സരത്തില്‍ വാക്കുതര്‍ക്കത്തിനിടയാക്കി. മത്സരത്തിന്റെ പത്താം ഓവറിലാണ് സംഭവം. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നടന്നുനീങ്ങുന്ന കോന്‍സ്റ്റാസിന്റെ തോളില്‍ കോഹ്ലി മനപൂര്‍വം തട്ടിയതാണ് തര്‍ക്കത്തിനു കാരണമായത്. കോഹ്ലിയുടെ അനാവശ്യ പ്രകോപനത്തോട് ബാറ്റുകൊണ്ടാണ് യുവതാരം മറുപടി നല്‍കിയത്. 19കാരനായ അരങ്ങേറ്റക്കാരനോട് തര്‍ക്കിച്ചതോടെ കോഹ്ലിയുടെ നിലവാരം താഴ്ന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ആദ്യ ഓവറില്‍ ബുംറയുടെ പന്തുകള്‍ ശ്രദ്ധയോടെ നേരിട്ടെങ്കിലും പിന്നീടങ്ങോട്ട് കണ്ടത് കോണ്‍സ്റ്റാസിന്റെ അഴിഞ്ഞാട്ടമാണ്. മത്സരത്തിന്റെ ഏഴാം ഓവറില്‍ ബുംറ ആദ്യമായി 19കാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ താരം, രണ്ടാം പന്ത് സിക്‌സും പറത്തി. ബുംറയുടെ ടെസ്റ്റ് കരിയറിലെ ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി. 2021നുശേഷം ടെസ്റ്റില്‍ ബുംറയുടെ പന്തില്‍ ആദ്യമായാണ് ഒരുതാരം സിക്‌സടിക്കുന്നത്. അതും ഒരു അരങ്ങേറ്റക്കാരന്‍.

ബുംറ നാലു വര്‍ഷത്തിനിടെ ടെസ്റ്റില്‍ 4448 പന്തുകള്‍ എറിഞ്ഞെങ്കിലും ഒരാള്‍ക്കുപോലും സിക്‌സ് നേടാന്‍ കഴിഞ്ഞിരുന്നില്ല. 11ാം ഓവറിലും ബുംറ യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു സിക്‌സും രണ്ടു ഫോറുമടക്കം 18 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകളില്‍ സാഹസിക ഷോട്ടുകള്‍ ഉള്‍പ്പെടെ അനായാസം കളിച്ച താരം 52 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. 65 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 60 റണ്‍സെടുത്ത താരത്തെ രവീന്ദ്ര ജദേജ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കിയാണ് പുറത്താക്കിയത്.

webdesk18: