X
    Categories: MoreViews

ഒരു മണിക്കൂറിനിടെ 19 ട്രാഫിക് നിയമ ലംഘനം; ദുബൈയില്‍ യുവതിക്ക് പിഴയും ശിക്ഷയും

ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുമടക്കമുള്ള ശിക്ഷകള്‍ക്ക് വിധേയമായ തെറ്റുകള്‍ റഡാറില്‍ പതിഞ്ഞതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞ സമയം കൊണ്ട് ഇത്രയും പിഴവുകള്‍ ഒരാള്‍ വരുത്തുന്നത് ഇതാദ്യമായാണെന്ന് ദുബൈ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ഓഫ് ജനറല്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

40 വയസ്സിനു മേല്‍ പ്രായമുള്ള വനിത കഴിഞ്ഞ മാസമാണ് അമിത വേഗതയും സിഗ്നല്‍ വയലേഷന്‍സും അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തത്. പുലര്‍ച്ചെ മൂന്നു മണിക്ക് 220 മുതല്‍ 240 കിലോമീറ്റര്‍ വേഗതയിലാണ് ഇവരുടെ കാര്‍ നിരത്തിലൂടെ ചീറിപ്പാഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍ മനഃസംഘര്‍ഷത്തിനുള്ള ചികിത്സക്കായി താന്‍ റാഷിദ് ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.

120 കിലോമീറ്ററിനു മുകളില്‍ വാഹനമോടിച്ചതിന് 1000 ദിര്‍ഹംസ് ഇവര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മൂന്നുമാസം വരെ ഇനി ഇവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി ലഭിക്കില്ല. ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളും രേഖപ്പെടുത്തി.

പിഴ നീങ്ങിക്കിട്ടാന്‍ വനിത ട്രാഫിക് വകുപ്പിനെ പലതവണ ബന്ധപ്പെട്ടെന്നും എന്നാല്‍ അവരുടെ കാരണം യുക്തമല്ലെന്നും അല്‍ മസ്‌റൂയി പറഞ്ഞു. അമിത വേഗതക്കെതിരെ പൊലീസ് പ്രചരണം നടത്തുന്നതിനിടെയാണ് ഇവര്‍ കൂട്ടത്തോടെ നിയമം തെറ്റിച്ചത്. പുലര്‍ച്ചെ സമയത്ത് നിരത്ത് ശൂന്യമായതു കൊണ്ടു മാത്രമാണ് അപകടങ്ങളില്ലാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: