X

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്‍ വിശ്വാസമില്ലെന്ന് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇന്നലെ നടന്ന ലയനത്തില്‍ ശശികലയെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും എം.എല്‍.എമാര്‍ ഗവര്‍ണറോട് വ്യക്തമാക്കിയിട്ടുണ്ട്.

233അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 117 ആണ് കേവല ഭൂരിപക്ഷം. 19 എം.എല്‍.എമാര്‍ കൂറുമാറുന്നതോടെ സര്‍ക്കാര്‍ വീഴുന്നതിന് സാധ്യതകളേറിയിരിക്കുകയാണ്. നേരത്തെ സര്‍ക്കാരിനെ മറിച്ചിടുമെന്ന് ഡി.എം.കെ എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. നിലവില്‍ 99 എം.എല്‍.എമാരാണ് പ്രതിപക്ഷത്തുള്ളത്. ഇവര്‍ക്ക് സര്‍ക്കാരിനെ മറിച്ചിടാനാകില്ല. 19പേര്‍ പിന്തുണ വലിക്കുകയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ താഴെ വീഴുന്നതിനാണ് സാധ്യത.

chandrika: