മെയ് 1 ആയിരുന്നില്ല ഞായറാഴ്ച്ച. മാര്‍ച്ച് എട്ടും (ലോക വനിതാദിനം) ആയിരുന്നില്ല. പക്ഷേ റഷ്യക്കാര്‍ മതിമറന്നു ഞായറാഴ്ച്ച…അമ്മോ-കാണേണ്ടതായിരുന്നു ആ ആഘോഷ കാഴ്ച്ചകളെല്ലാം. ലുഷിനിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്് മത്സരത്തില്‍ ശക്തരായ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ റഷ്യ തോല്‍പ്പിക്കുന്നത് പ്രാദേശിക സമയം ഏഴ് മണിക്കാണ്. അപ്പോള്‍ തുടങ്ങിയതാണ് ആഘോഷം. അത് പുലരുവോളമുണ്ടായിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന മെയ് ഒന്നിനാണ് ഈ നാട്ടില്‍ അതിഗംഭീര ആഘോഷങ്ങള്‍. സാര്‍വദേശീയ തൊഴിലാളി ദിനം. അന്ന് റെഡ് സ്‌ക്വയര്‍ നിറയും. രാവിലെ മുതല്‍ രാത്രി വരെ അടിപൊളി പരിപാടികളുണ്ടാവും. പിന്നെ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനും. ഈ രണ്ട് ദിവസങ്ങളിലെയും ആഘോഷങ്ങളാണ് കലണ്ടര്‍ വര്‍ഷത്തിലെ പ്രധാന പരിപാടികള്‍. അതിനിടെയാണ് ഈ കാല്‍പ്പന്താഘോഷം. അതിന്റെ ഒരു ലൈവാണിന്ന്.
വൈകീട്ട് 7.15 ലുഷിനിക്കി സ്‌റ്റേഡിയം: ഷൂട്ടൗട്ട് അവസാനിക്കുന്നു. രണ്ട് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ഇകോര്‍ അകിന്‍ഫീവിനെയുമായി താരങ്ങള്‍ മൈതാനത്ത് ആഘോഷം നടത്തുമ്പോള്‍ ഗ്യാലറി ഇളകി മറിയുന്നു. ഒരാള്‍ പോലും ഇരിപ്പിടം വിടുന്നില്ല. ഓര്‍ക്കുക, ഗ്യാലറിയിലുണ്ടായിരുന്നത് 78,100 പേര്‍. എല്ലാവരും പരസ്പരം ആശ്ലേഷിക്കുന്നു-റസിയ… റസിയ… റസിയ മുദ്രാവാക്യങ്ങള്‍
വൈകീട്ട് 8-00. സ്‌പോര്‍ട്ടിനേവിയ മെട്രോ സ്‌റ്റേഷന്‍: സ്റ്റേഡിയം മെട്രോയാണിത്. ഗ്യാലറിയില്‍ നിന്നും പതിനായിരങ്ങള്‍ മെട്രോ സ്‌റ്റേഷനിലേക്ക്. മുദ്രാവാക്യങ്ങളുടെ ശബ്ദം വര്‍ധിക്കുന്നു. ചാറ്റല്‍ മഴയൊന്നും ആരും മൈന്‍ഡ് ചെയ്യുന്നില്ല. എല്ലാവരുടെയും കണ്ഠത്തില്‍ നിന്നും റ..സി…യാ…. വിളികള്‍. ചിലര്‍ ഭാര്യമാരെയും മക്കളെയുമെല്ലാം തോളത്ത് ഏറ്റുന്നു. ഓടുന്നു, ചാടുന്നു, തലകുത്തി മറിയുന്നു… മെട്രോയുടെ കവാടത്തില്‍ നിറയെ പൊലീസുകാര്‍. അവര്‍ പതിവ് പോലെ നിശബ്ദരാണ്. ഈ ആഹ്ലാദപ്രകടനങ്ങളിലും അവര്‍ ചിരിക്കുന്നു പോലുമില്ല. മെട്രോ സ്‌റ്റേഷന്റെ എല്ലാ വഴികളുമിപ്പോള്‍ ആഹ്ലാദത്തിനുളളതാണ്. സമീപത്തെ രണ്ട് സ്റ്റേഷനുകള്‍ അടച്ചു. ആഹ്ലാദക്കാര്‍ക്കായി എല്ലാ ഗേറ്റും തുറക്കുന്നു… പിന്നെ ഓരോ മിനുട്ടിലും വരുന്ന മെട്രോകളിലും നിറയെ ആളുകള്‍ തിരക്കി കയറുന്നു. അവിടെയും പരിഗണന ആദ്യം കുട്ടികള്‍ക്ക്, പിന്നെ വയോധികര്‍ക്ക്, അതിന് ശേഷം സ്ത്രീകള്‍ക്ക് (ആഘോഷത്തിലും എല്ലാ മര്യാദകളും അവര്‍ പാലിക്കുന്നു)…….
വൈകീട്ട് 9-00 റെഡ് സ്‌ക്വയര്‍: റഷ്യന്‍ ആഹ്ലാദങ്ങളുടെ ആസ്ഥാനം ഇവിടമാണ്-ഔദ്യോഗിക ആഹ്ലാദ കേന്ദ്രം. ഇവിടെ ലക്ഷങ്ങളാണ് ഒരുമിച്ചിരിക്കുന്നത് നിന്ന് തിരിയാന്‍ സ്ഥലമില്ല. ഒരു വിധം അതിനുളളില്‍ കയറി. ആബാലവൃദ്ധം ജനങ്ങള്‍. ആഘോഷത്തിന്റെ പറുദീസ എന്ന് തന്നെ പറയാം. വിദേശികളെ കാണുമ്പോള്‍ എല്ലാവരും അവര്‍ക്ക് സ്ഥലമൊരുക്കുന്നു. പാട്ടിനും ഡാന്‍സിനും ക്ഷണിക്കുന്നു. സിഗരറ്റുകളും പാനീയങ്ങളുമായി നുരഞ്ഞ് പൊങ്ങുന്നു ആഘോഷവേദി. ഇവിടെ എത്തിയതിന് ശേഷം ആദ്യമായി റോഡില്‍ ഗതാഗതുകുരുക്ക് കണ്ടു. ഇത് വരെ റോഡുകളിലുടെ വാഹനങ്ങള്‍ സമൃദ്ധമായി ഓടുന്നതാണ് കണ്ടത്. ഒരു കുരുക്കും എവിടെയും കണ്ടിരുന്നില്ല. പക്ഷേ ഈ ദിവസം എല്ലാ കാറുകളും സൈറണ്‍ മുഴക്കുന്നു. ബസ്സുകളെല്ലാം റോഡില്‍ നിശ്ചലം. കാറുകളുടെ പുറത്ത് യുവാക്കള്‍ കൊടികളുമായി. പെണ്‍കുട്ടികള്‍ ബൈക്കുകളില്‍ പറക്കുന്നു. എല്ലാവരുടെയും കൈവശം ദേശീയ പതാക. യാദൃശ്ചികമായി അവിടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടുമുട്ടുന്നു. അദ്ദേഹം ബ്രസീലിന്റെ ഒരു കളി കാണാന്‍ വന്നതാണ്. ആഘോഷങ്ങള്‍ കണ്ട് തങ്ങള്‍ പറഞ്ഞു-ഈ ഫുട്‌ബോള്‍ മനസ്സ് അപാരം…
രാത്രി 10-00. ക്രെംലിന്‍ കൊട്ടാരത്തിന് മുന്‍വശം: റെഡ് സ്‌ക്വയറിലെ ഈ വലിയ കോട്ടക്ക് മുന്നില്‍ ചെറുപ്പക്കാര്‍ അണിനിരന്നിരിക്കുന്നു. ഇവിടം മാത്രം ഉദ്ദേശം അര ലക്ഷം പേരുണ്ട്. വലിയ ഒരു ബാന്‍ഡ് മേളം. അതിന് ശേഷം എല്ലാവരും ബാന്‍ഡുകാരുടെ താളത്തിനൊപ്പം പാടുന്നു. തുടര്‍ന്ന് ബാന്‍ഡുകാര്‍ നഗരം ചുറ്റുന്നു. എല്ലാവരും അവരെ അനുഗമിക്കുന്നു. കാണേണ്ട കാഴ്ച്ച. അച്ചടക്കത്തിന്റെ ശക്തമായ ആഘോഷം
രാത്രി 12-00 ഒക്‌ഹോത്‌നി റെയാദ് എന്ന മെട്രോ സ്‌റ്റേഷന്‍: അര്‍ധരാത്രിയും പിന്നിട്ടിരിക്കുന്നു. എല്ലാവര്‍ക്കും വീട്ടിലേക്ക് മടങ്ങണം-എനിക്കും. എങ്ങനെയെത്തും സ്‌റ്റേഷനിലേക്ക്. ഒരടി മുന്നോട്ട് പോവാന്‍ കഴിയില്ല. അത്രയും ജനം. പക്ഷേ ഒരു പ്രശ്‌നവും ആരുമുണ്ടാക്കുന്നില്ല. ഒരു പരാതിയും ആരും ഉന്നയിക്കുന്നില്ല. എല്ലാവരും സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ നിശ്ചലരായി അങ്ങനെ നില്‍ക്കുന്നു. ഒരു മണി വരെ മാത്രമേ ട്രെയിനുളളു.. ചെറിയ അങ്കലാപ്പ് മനസ്സില്‍. പക്ഷേ ഈ ക്യൂ പത്ത് മിനുട്ടില്‍ ഒരു തവണ മാത്രമാണ് അനങ്ങുന്നത്. അവസാനം ഒരു മണി കൃത്യത്തിന് സ്‌റ്റേഷനില്‍. അധികാരികള്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആഘോഷക്കാര്‍ക്കായി ഒരു മണിക്കൂര്‍ കൂടുതല്‍ മെട്രോയുണ്ട്. ട്രെയിനില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ല. അപ്പോഴും ആഘോഷം അവസാനിച്ചിരുന്നില്ല.
പുലര്‍ച്ചെ 2-00. യുഗോസാപദ്യ: ഞാന്‍ എന്റെ സ്റ്റേഷനിലെത്തി. സ്‌റ്റേഷന് അകത്ത് ബാന്റ്് മേളങ്ങളുമായി വനിതകള്‍. അവരുടെ സംഖ്യ ആയിരത്തിലധികം വരും. അവര്‍ ദേശീയ ഗാനവും ആലപിച്ച് പുറത്തേക്ക് വരുന്നു. പുറത്തേ ഓപ്പണ്‍ വേദിയില്‍ അതിലേറെ ആളുകള്‍. ഓര്‍ക്കണം സമയം പുലര്‍ച്ചെയാണ്. പിന്നെ അതാ ഡാന്‍സ്…. പകല്‍ പോലെ വെളിച്ചവും. അമ്മമാരും വൃദ്ധരുമെല്ലാം പാട്ടുപാടുന്നു. പതാക വീശുന്നു. അവിടെ നിന്നും ഫ്‌ളാറ്റിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരാള്‍ ഒരു പതാക എനിക്ക് തന്നു-റസിയ മുദ്രാവാക്യം വിളിച്ചു. ഞാനും അതേറ്റ് വിളിച്ചു……
ആഘോഷങ്ങളുടെ നാടാണിത്. സ്വന്തം രാജ്യത്തിന്റെ വിജയത്തില്‍ മതിമറക്കുന്നവര്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വര്‍ണമില്ല, വര്‍ഗമില്ല. എല്ലാവരും ഏകോദര സഹോദരങ്ങള്‍. അവര്‍ സ്വന്തം രാജ്യത്തെ മതിമറന്ന് സ്‌നേഹിക്കുന്നു. ഇനി രാജ്യത്തിന് തോല്‍വി പിണഞ്ഞാലോ-അതില്‍ കരഞ്ഞ് നടക്കുന്നുമില്ല. തോല്‍വിയെ അതേ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ അവര്‍ സ്വീകരിക്കും. എല്ലാവരും പരസ്പരം തോളില്‍ തട്ടി സാന്ത്വനപ്പെടുത്തും. അപാരമാണിവരുടെ മനസ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ മതിമറക്കുമ്പോള്‍ പ്രായം ചെന്നവര്‍-എടാ അതിര് കടക്കരുതേ എന്ന് പറയാറില്ലേ… ഇവിടെ ആഘോഷത്തില്‍ സീനിയേഴ്‌സും ജൂനിയേഴ്‌സാണ്..