X

മറക്കരുത് നാടേ, ഈ മുഖം : അധികമാര്‍ക്കും ഓര്‍മയുണ്ടാവില്ല ഈ മുഖം

ഒരു നാടന്‍. എന്നാല്‍ ജപ്പാന്‍ ആസ്ഥാനമായ ടോക്കിയോവില്‍ മൂന്ന് നാളിന് ശേഷം ഒളിംപിക്‌സ് മഹാമാമാങ്കം ആരംഭിക്കുമ്പോള്‍ ഈ മനുഷ്യനെ നമ്മള്‍ ഓര്‍ക്കണം. ഇത് ഷംഷേര്‍ഖാന്‍.. ആന്ധ്രയിലെ ഗുണ്ടുര്‍ ജില്ലയിലെ കൈതപാലെ ഗ്രാമത്തിലെ ഒരു പാവം കര്‍ഷക കുടുംബത്തിലെ അംഗം. ചെറിയ പ്രായം മുതല്‍ നന്നായി നീന്തുമായിരുന്നു ഷംഷേര്‍. അങ്ങനെ നീന്തല്‍ പ്രിയനായി മാറി. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ആര് മറന്നാലും ഇന്ത്യ മറക്കില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സെമി ഫൈനല്‍ കളിച്ച ഒളിംപിക്‌സ്. നമ്മുടെ സ്വന്തം ഒളിംപ്യന്‍ റഹ് മാന്‍ക്കയുടെ ഒളിംപിക്‌സ്. ആ ഒളിംപിക്‌സ് നീന്തല്‍ കുളത്തില്‍ ഷംഷേറുമുണ്ടായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം.

നീന്തലിന് യോഗ്യത നേടിയ രാജ്യത്തെ ആദ്യ താരം. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ പുത്തന്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഷംഷേര്‍ ഒളിംപിക് യോഗ്യത കരസ്ഥമാക്കിയത്. 1955 ലെ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിരവധി റെക്കോര്‍ഡുകള്‍ കൊച്ചുതാരം സ്വന്തം പേരിലാക്കി. അങ്ങനെയാണ് ഒളിംപിക്‌സ് ടിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയത്. പക്ഷേ കാര്യമായി പരിശീലകരില്ലാതെ, നീന്തല്‍ കുളത്തിലെ പുത്തന്‍ സാങ്കേതിക വിദ്യയറിയാതെ ഷംഷേര്‍ റെഡിയായി.

 

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ സമീപിച്ചപ്പോള്‍ പതിവ് സമീപനം തന്നെ. നീന്തല്‍ കുളത്തില്‍ യൂറോപ്യക്കര്‍ക്കെതിരെ മല്‍സരിക്കാന്‍ പോയിട്ട് എന്ത് കാര്യം എന്ന ചോദ്യം… പങ്കെടുക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ മെല്‍ബണിലേക്കുള്ള യാത്രാ ടിക്കറ്റ് വഹിക്കാം. മറ്റ് ചെലവുകളെല്ലാം താന്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും. ഇന്ത്യന്‍ സൈന്യത്തില്‍ ചെറിയ ജോലി ഉണ്ടായിരുന്ന ഷംഷേറിന്റെ പ്രതിമാസ ശബളം 56 രൂപയായിരുന്നു. ഇതില്‍ നിന്ന് വേണം അദ്ദേഹം മെല്‍ബണിലെ ചെലവ് വഹിക്കാന്‍. എത്ര പറഞ്ഞിട്ടും അധികാരികല്‍ വഴങ്ങിയില്ല. അവസാനം 300 രൂപ ലോണ്‍ എടുത്താണ് ഷംഷേര്‍ ഓസീസ് നഗരത്തിലേക്ക് വിമാനം കയറിയത്. ഒളിംപിക്‌സ് നീന്തല്‍ കുളത്തില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തി പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ മൂന്ന് മിനുട്ട് 6.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അദ്ദേഹം അടുത്ത റൗണ്ടിലെത്തി. നീന്തല്‍ കുളത്തിന് പുറത്ത് അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കാന്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല. രണ്ടാം റൗണ്ടിനപ്പുറം അദ്ദേഹത്തിന് പോവാനായില്ല എന്നത് സത്യം. എങ്കിലും ഇപ്പോഴും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ നീന്തല്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഇത് തന്നെ. 24 വര്‍ഷം അദ്ദേഹം സൈന്യത്തിലുണ്ടായിരുന്നു.

 

1962 ല്‍ ചൈനക്കെതിരായ യുദ്ധത്തിലും 1971 ല്‍ ബംഗ്ലാദേശ് യുദ്ധത്തിലും അദ്ദേഹമുണ്ടായിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷവും ഷംഷേറിനെ ആരും തിരിഞ്ഞ് നോക്കിയില്ല. 2017 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ പോലും ദാരിദ്ര്യം ആ കുടുംബത്തെ വേട്ടയാടിയിരുന്നു. കുട്ടിക്കാലം മുതല്‍ രാജ്യത്തെ സേവിച്ച താരത്തിന് മരണത്തിലും നീതി സമ്മാനിക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ പറയുന്നു. ഒരു മരണാന്തര ബഹുമതിയും ഷംഷേറിനെ തേടിയെത്തിയില്ല. മരണത്തില്‍ ഒരു ഔഗ്യോദിക ബഹുമതി പോലും കിട്ടിയില്ല. 1990 ലെ കൊടുംങ്കാറ്റില്‍ അദ്ദേഹത്തിന്റെ ചെറിയ വീട് തകര്‍ന്നു. സമ്പാദ്യമെല്ലാം നഷ്ടമായി. എന്നിട്ട് പോലും ആരും തിരിഞ്ഞ് നോക്കിയില്ല. ആരുടെയും കാലു പിടിക്കാന്‍ അദ്ദേഹം പോയതുമില്ലെന്ന് മകന്റെ ഭാര്യ റിസ്‌വാന പറയുന്നു. ഒരു തരത്തിലുമുള്ള ബഹുമതി അദ്ദേഹത്തിന് ജീവിതത്തിലും മരണാനന്തരവും ലഭിച്ചില്ലെന്നും അവര്‍ പറയുമ്പോള്‍ നമ്മുടെ ഒളിംപിക്‌സ് ചരിത്രത്തില ഈ കണ്ണീര്‍ക്കഥ അധികമാര്‍ക്കുമറിയില്ല. എല്ലാ ഒളിംപിക്‌സ് വേളയിലും അധികാരികള്‍ വാചാലരാവും. ഇന്ത്യ ഗംഭീരമാവുമെന്ന് പറയും. ഇത്തവണ ടോക്കിയോവിലേക്ക് 228 പേരാണ് പോവുന്നത്. അതില്‍ താരങ്ങള്‍ കേവലം 119. ബാക്കിയെല്ലാം അനുഗമിക്കുന്നവര്‍. ഇവര്‍ക്കെല്ലാം ചെലവ് സര്‍ക്കാര്‍ വക. പാവം ഷംഷേര്‍ഖാന്‍- സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയത് കേവലം ഒരു മെല്‍ബണ്‍ വിമാന ടിക്കറ്റ്.

പോക്കറ്റില്‍ നിന്നും ഭക്ഷണത്തിനും നിത്യവൃത്തിക്കുമുള്ള ചെലവ്. 300 രൂപ ലോണ്‍ എടുത്ത് ഒളിംപിക്‌സിന് പോയ ഒരു ഇന്ത്യന്‍ താരത്തിന്റെ കഥ ഇവിടെ അവസാനിക്കുമ്പോള്‍ പതിവ് പോലെ പ്രതീക്ഷിക്കാം-ടോക്കിയോവില്‍ നിന്നും കനകം വരുമെന്ന്.

Test User: