X

ധാരാവി ചേരിയിലെ കോവിഡ് പോരാട്ടം; നേതൃത്വം നല്‍കിയത് 180 മൗലവിമാര്‍

മുംബൈ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. അണുവിട ശ്രദ്ധ തെറ്റിയാല്‍ ആയിരങ്ങളിലേക്ക് പടരുമായിരുന്ന മഹാമാരി ധാരാവിയില്‍ നിന്ന് തിരിച്ചുപോയതില്‍ ഒരുപാട് പേരുടെ യത്‌നങ്ങളുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ചേരിയിലെ 180 മൗലാനമാരുടെ ഇടപെടലാണ്. മുംബൈ മിററാണ് ഇവരുടെ പങ്കിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആറു മാസത്തോളം കോവിഡിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ പോരടിക്കുക തന്നെയായിരുന്നു ഈ മൗലാനമാര്‍. മസ്ജിദില്‍ നിന്നുള്ള ബാങ്കുവിളിക്കു ശേഷം ലൗഡ് സ്പീക്കറിലൂടെ അവര്‍ ജനങ്ങളോട് വീട്ടില്‍ സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. വീടുതോറും കയറിയിറങ്ങി വീട്ടിലിരിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തി.

സായാഹ്ന നമസ്‌കാരത്തിനു വേണ്ടിയുള്ള ബാങ്കിന് ശേഷമായിരുന്നു ജനങ്ങള്‍ക്കു വേണ്ടിയുള്ള അറിയിപ്പ്. രാജ്യത്തിനു വേണ്ടി വീട്ടില്‍ സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ട അവര്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ഇതു ഫലം കണ്ടു. ഹോട്‌സ്‌പോട്ടായിരുന്ന ധാരാവി വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരികയും ചെയ്തു.

ധാരാവി

രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ 6.5 ലക്ഷം പേരാണ് ധാരാവിയില്‍ വസിക്കുന്നത്. സമുദായ നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാവും എന്ന അധികൃതരുടെ തിരിച്ചറിവാണ് നിര്‍ണായകമായത്. ധാരാവിയുടെ ജനസംഖ്യയില്‍ 30 ശതമാനവും മുസ്‌ലിംകളാണ്. ഏപ്രില്‍ ഒന്നിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ തന്നെ ഭംല ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്ക് കീഴില്‍ മൗലവിമാര്‍, മൗലാനമാര്‍, യുവവളണ്ടിയര്‍മാര്‍ എന്നിവര്‍ ഒത്തുചേര്‍ന്നു. കൂടുതല്‍ ജനസാന്ദ്രതയുള്ള കുംഭര്‍വാഡ, കുതിവാഡി എന്നിവിടങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധിച്ചതെന്ന് എന്‍ജിഒക്ക് നേതൃത്വം നല്‍കുന്ന മെറാജ് ഹുസൈന്‍ പറഞ്ഞു.

റമസാന്‍, പെരുന്നാള്‍, മറ്റു ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ ജനം വെറുതെ പുറത്തിറങ്ങുന്നത് തടയാന്‍ മതപണ്ഡിതര്‍ ഒരുപാട് യത്‌നിച്ചെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ആസിഫ് ഭംല വെളിപ്പെടുത്തി. വിശ്വാസവും രാജ്യസുരക്ഷയും ഒന്നിച്ചു പോകേണ്ടതുണ്ടെന്ന് അവന്‍ ജനങ്ങളെ തര്യപ്പെടുത്തി. ഈ പ്രചാരണവുമായി അവര്‍ ഓരോ വീടിലും കയറിയിറങ്ങി. വീട്ടില്‍ ഇരിക്കാന്‍ വിസമ്മതിച്ചവര്‍ പോലും ഭയപ്പെട്ട് അനുസരിച്ച സ്ഥിതി വന്നു. കോവിഡ് മൂലം മരിച്ച യുവാക്കളുടെ ഫോട്ടോകളുമായാണ് മൗലവിമാര്‍ വീടുകളില്‍ കയറിയിറങ്ങിയത്- ഭംല പറഞ്ഞു.

വൈകിട്ട് അഞ്ചു മിനിറ്റാണ് ലൗഡ് സ്പീക്കറിലൂടെ സന്ദേശം നല്‍കിയത്. നിരോധനാജ്ഞ പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ വീടിനുള്ളില്‍ നിന്ന് പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടത്തില്‍ മാത്രമേ പുറത്തു പോകാവൂ എന്നും ആവശ്യപ്പെട്ടു- ധാരാവി ജുമാമസ്ജിദിലെ മൗലാനാ ഫാറൂഖി ശൈഖ് പറഞ്ഞു.

ഈ തന്ത്രം വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. മെയില്‍ ദിനംപ്രതി ശരാശരി 43 കേസാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ കേസുകള്‍ കുറഞ്ഞു. സെപ്തംബര്‍ ആദ്യ വാരത്തോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കുകയും ചെയ്തു.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മൗലാനമാരുടെ പങ്ക് എടുത്തു പറയേണ്ടതാണ് എന്ന് ജി നോര്‍ത്ത് വാര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കറും ചൂണ്ടിക്കാട്ടുന്നു. ധാരാവിലെ പോലൊരു സ്ഥലത്ത് സാമൂഹിക അകലം സാധ്യമായിരുന്നില്ല. ജനങ്ങള്‍ക്കുള്ള അവരുടെ നിര്‍ദേശങ്ങളാണ് മഹാമാരിയെ നിയന്ത്രിക്കാന്‍ ഏറെ സഹായകരമായത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: