X
    Categories: Views

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തരുത്

കേരളത്തിലെ ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്ന മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളവും കേരളത്തിലെ നാലിലൊന്നുവരുന്ന ജനതയെ സംബന്ധിച്ചും ആഹ്ലാദത്തിന്റെ ദിനമായിരുന്നു 2006 ആഗസ്റ്റ് 26. അന്നാണ് മലപ്പുറം ജില്ലയെയും സമീപജില്ലയായ പാലക്കാടിനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുപാസ്‌പോര്‍ട്ട് ഓഫീസ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നത്. രാജ്യത്തെ മുപ്പത്തൊന്നാമത്തെ പാസ്‌പോര്‍ട്ടാഫീസായിരുന്നു അത്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയാധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ കഠിന പരിശ്രമവും മുന്‍കൈയും മൂലമാണ് ഈ പ്രദേശത്തുകാരുടെ മൂന്നു പതിറ്റാണ്ടായുള്ള ആവശ്യത്തിന് പരിഹാരമായത്. എന്നാല്‍ ഒരുപതിറ്റാണ്ടിനകം തന്നെ ഈ ഓഫീസ് നിര്‍ത്തലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാരിലെ വിദേശകാര്യവകുപ്പ്. ലക്ഷക്കണക്കിനു പേരുടെ യാതനകള്‍ക്ക് കാരണമാകുന്ന ഈ തീരുമാനം ജനങ്ങളോട് വിധേയത്വമുള്ള ഒരു ഭരണകൂടത്തില്‍നിന്ന് ഒരിക്കലും പ്രതീക്ഷിച്ചുകൂടാത്തതാണ്.

മലബാര്‍ മേഖലയിലെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ ഏക ആശ്രയമായിരുന്ന പാസ്‌പോര്‍ട്ട് ഓഫീസായിരുന്നു അന്നുവരെ കോഴിക്കോട്ടേത്. വലിയ പ്രയാസങ്ങള്‍ അനുഭവിച്ചാണ് ഈ അഞ്ചു ജില്ലകളിലെ ജനങ്ങള്‍, അതില്‍ നല്ലൊരുപക്ഷവും പ്രവാസികളും, കോഴിക്കോട്ടെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ടും അനുബന്ധ സേവനങ്ങളും സ്വീകരിച്ചിരുന്നത്. മലപ്പുറത്തുനിന്ന് പാര്‍ലമെന്റംഗമായ ഇ.അഹമ്മദ് തന്റെ ആദ്യ മന്ത്രിപദവിയുടെ കാലത്തുതന്നെ ചെയ്ത ഏറ്റവും വലിയ ജനസേവന നടപടിയായിരുന്നു അധികാരമേറ്റ് രണ്ടു വര്‍ഷത്തിനകം മലപ്പുറത്ത് മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് സ്ഥാപിക്കുക എന്നത്. മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിന്റെ തന്നെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം നാലു ലക്ഷത്തോളം പേരാണ് ഇവിടെ നിന്ന് പാസ്‌പോര്‍ട്ടും അനുബന്ധ സേവനങ്ങളും കൈപ്പറ്റിവരുന്നത്.

ശരാശരി രണ്ടുലക്ഷം പേര്‍ ഇവിടെനിന്ന് പാസ്‌പോര്‍ട്ട് കൈപ്പറ്റുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കനുസരിച്ച് ഈ കേന്ദ്രത്തില്‍ നിന്ന് 1,93,451 പേരാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണം 2,04,651. ഇത്രയും പേരെ കോഴിക്കോട്ടേക്ക് തള്ളിവിട്ട് കിലോമീറ്ററുകളോളം നടത്തിക്കുകയും പ്രയാസപ്പെടുത്തുകയുമായിരിക്കും മലപ്പുറം മേഖലാ ഓഫീസ് നിര്‍ത്തലാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഇരുപതു ലക്ഷത്തിലധികം പാസ്‌പോര്‍ട്ടുകളാണ് മലപ്പുറം കേന്ദ്രത്തില്‍ നിന്ന് അനുവദിക്കപ്പെട്ടത്. ജനങ്ങള്‍ ഇതിനായി കേന്ദ്ര ഖജനാവിലേക്ക് മുടക്കിയത് മുന്നൂറിലധികം കോടി രൂപയും. ഇതിലുമെത്രയോ ഇരട്ടി തുകയാണ് പാസ്‌പോര്‍ട്ടെടുത്തുപോയി വിദേശങ്ങളില്‍നിന്ന് മലപ്പുറത്തുകാര്‍ രാജ്യത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ നൂറു കിലോമീറ്റര്‍ പരിധിവെച്ച് മുംബൈ-താനെ പാസ്‌പോര്‍ട്ട് ഓഫീസുകളുമായി താരതമ്യപ്പെടുത്തുന്നത് തികച്ചും അജ്ഞതയാണ്.

മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് വന്നതോടെ വലിയ സൗകര്യമെന്ന ്കരുതിയിരുന്ന പാലക്കാട്ടെ ജനങ്ങള്‍ക്ക് തിരിച്ചടിയായി അവരുടെ അപേക്ഷകളും അനുബന്ധ സേവനങ്ങളും തൃശൂരിലേക്ക് മാറ്റിയത് രണ്ടു വര്‍ഷം മുമ്പാണ്. ഇതോടെ വലിയ പ്രയാസമാണ് പാലക്കാട് ജില്ലക്കാരും അനുഭവിക്കുന്നത്. ജില്ലാ തലത്തിലെ പൊലീസ് കാര്യാലയങ്ങളോടനുബന്ധിച്ച് പാസ്‌പോര്‍ട്ട് സെല്ലുകള്‍ പ്രവര്‍ത്തിച്ചുവന്നതും പൊടുന്നനെ നിര്‍ത്തലാക്കിയായിരുന്നു തൃശൂരിലേക്കുള്ള മാറ്റം. ഇതോടെ സ്വന്തം ജില്ലക്ക് പകരം അറുപത്തഞ്ചു കിലോമീറ്റര്‍ വരെ പാസ്‌പോര്‍ട്ടിനും പുതുക്കലിനും തെറ്റുതിരുത്തലുകള്‍ക്കുമായി ഇവര്‍ക്ക് സഞ്ചരിക്കേണ്ട ഗതികേടുണ്ടായിരിക്കുന്നു.

മുന്‍കാലങ്ങളില്‍ മാസങ്ങളെടുത്തിരുന്ന പാസ്‌പോര്‍ട്ട് അനുവദിക്കലും മറ്റു സേവനങ്ങളും രാജ്യ വ്യാപകമായുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയതോടെ ദിവസങ്ങള്‍ മാത്രം മതിയെന്ന സ്ഥിതിയാണ് ഇ.അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായിരിക്കെ സംഭവിച്ചത്. കൂടുതല്‍ അപേക്ഷകരെ കണക്കിലെടുത്താണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രവും മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിനൊപ്പംതന്നെ മന്ത്രി അഹമ്മദ് മലപ്പുറത്തിന് അനുവദിച്ചത്. ഇവിടെ ഇന്നും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെകൊണ്ട് നില്‍ക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. സമയബന്ധിതമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നടത്തിക്കിട്ടാത്തവര്‍ക്ക് ജീവനക്കാരെ നേരില്‍കണ്ട് പരാതികള്‍ ബോധ്യപ്പെടുത്തുന്നതിനുള്ള പാസ്‌പോര്‍ട്ട് മേളകള്‍ ആരംഭിച്ചതും അഹമ്മദിന്റെ കാലത്താണ്.

ഇതൊക്കെ ഇന്നും ഭാഗികമായെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം ദിനംതോറും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടെയാണ് ലാഭ നഷ്ടക്കണക്കുകള്‍ പറഞ്ഞ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയില്‍ നിന്ന് മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് എടുത്തുമാറ്റാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമം. വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് രാജ്യത്തെ ഏതാനും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്കൊപ്പം മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസും പൂട്ടുന്നതായി വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് നിലവിലെ മലപ്പുറം ലോക്‌സഭാംഗം പി.കെ കുഞ്ഞാലിക്കുട്ടി സുഷമയെ നേരില്‍ചെന്നുകണ്ട് ഓഫീസ് നിലനിര്‍ത്തണമെന്ന് അപേക്ഷിച്ചെങ്കിലും സാധാരണഗതിയില്‍ ജനപ്രതിനിധിയില്‍ നിന്നുണ്ടാവേണ്ട മറുപടിയല്ല സുഷമയില്‍ നിന്നുണ്ടായത്. എന്തുവന്നാലും മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റിയേ തീരൂ എന്ന പിടിവാശിയിലാണ് മന്ത്രിയെന്ന് തോന്നുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പി.കെ കുഞ്ഞാലിക്കുട്ടി.

കേരളത്തിലെ അരക്കോടിയോളം വരുന്ന മലയാളി പ്രവാസികളില്‍ നല്ലൊരുപങ്കും ആശ്രയിക്കുന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം തിരുത്താത്ത പക്ഷം നിയമ നടപടികളിലുപരി പ്രക്ഷോഭത്തിന്റെ മാര്‍ഗങ്ങളിലേക്ക് നീങ്ങാന്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള കക്ഷി എന്ന നിലയില്‍ മുസ്‌ലിംലീഗ് തയ്യാറായേക്കും. ക്ഷേമ രാഷ്ട്ര സങ്കല്‍പത്തില്‍ ജനങ്ങളുടെ നികുതിപ്പണം അവരുടെ ക്ഷേമത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുക എന്നത് സുപ്രധാനമാണ്. അവിടെ അഴകൊഴമ്പന്‍ സാമ്പത്തിക കാരണങ്ങള്‍ പറഞ്ഞ് തടിതപ്പുന്നത് തികഞ്ഞ ജനവിരുദ്ധതയും ധിക്കാരവുമാണ്. മന്ത്രി സുഷമ സ്വരാജിന്റെ വാക്കുകള്‍ കടമെടുത്താല്‍ കൂടുതല്‍ എളുപ്പവും സയമബന്ധിതവും സൗകര്യപ്രദവുമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുകയാണ് പാസ്‌പോര്‍ട്ട് ഓഫീസുകളുടെ കടമ. എന്നാല്‍ ആ സന്ദേശത്തെതന്നെ കളഞ്ഞുകുളിക്കുന്ന രീതിയിലുള്ള തീരുമാനം വിദേശകാര്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് തികച്ചും ആത്മവിരുദ്ധമാണ്. എത്രയും പെട്ടെന്ന് ഈ ജനദ്രോഹതീരുമാനം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

chandrika: