കാല്‍പന്തുകളിയിലെ അഭിമാനതാരം വി.പി സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുന്നു. കണ്ണൂരിലെ ഗ്രാമത്തില്‍ നിന്ന് പന്തുതട്ടി ഇന്ത്യയുടെ ഫുട്‌ബോള്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന സത്യന്റെ കളിയോര്‍മകള്‍ ഒന്നരപതിറ്റാണ്ടിനിപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നതാണ്. നാല് സാഫ് ഗെയിംസില്‍ പങ്കെടുത്ത ഏകമലയാളിതാരമായ ഈ പ്രതിരോധനിരക്കാരന്‍ കേരള ഫുട്‌ബോളിലെ സുവര്‍ണതലമുറയിലെ പ്രധാനിയാണ്. കാല്‍പന്തുപ്രേമികളെ കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിടപറഞ്ഞെങ്കിലും തുകല്‍പന്തിനെ ജീവനുതുല്യം സ്‌നേഹിച്ച ക്യാപ്റ്റന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച വി.പി സത്യന്‍ സോക്കര്‍ സ്‌കൂള്‍ പുതിയ പ്രതിഭകളെ സൃഷ്ടിച്ച് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുകയാണ്.
കൗമാരതാരങ്ങളെ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് 2013 നവംബറിലാണ് വി.പി സത്യന്‍ സോക്കര്‍ സ്‌കൂള്‍ കോഴിക്കോട് കേന്ദ്രമായി പിറവിയെടുത്തത്. സത്യന്റെ ഭാര്യ അനിതയുടെയും താരത്തെ സ്‌നേഹിക്കുന്നഅനേകംപേരുടേയും ഏറെകാലത്തെ ആഗ്രഹമായിരുന്നു അക്കാദമി. സെപ്റ്റ് കോഴിക്കോടിന്റെ 29 കുട്ടികളെ ദത്തെടുത്താണ് സോക്കര്‍ സ്‌കൂളിന്റെ തുടക്കം. അണ്ടര്‍ 14, 12,10 എന്നീ വിഭാഗങ്ങളിലേക്ക് സെലക്ഷന്‍ നടത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട്, സെന്റ് ജോസഫ്‌സ് ജൂനിയര്‍ ഗ്രൗണ്ട്, റെയില്‍വെ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിശീലനം. കേരളത്തിലെ മുന്‍നിര കോച്ചുമാരെല്ലാം പരിശീലക റോളിലെത്തി. അനിതാ സത്യന്‍ പ്രസിഡന്റും എ.ജെ സണ്ണി സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ചുരുങ്ങിയകാലത്തിനുള്ളില്‍ ദേശീയ അന്തര്‍ദേശീയതലത്തില്‍ നിരവധി കൗമാരതാരങ്ങളെ വളര്‍ത്തിയെടുത്ത സോക്കര്‍ സ്‌കൂള്‍ പ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിപ്പോള്‍. സ്‌പെയിനിലെ അണ്ടര്‍ 18 സെക്കന്റ്ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുംപ്രകടനം നടത്തി ടോപ്‌സ്‌കോററായ മുഹമ്മദ് നെമില്‍ സത്യന്‍ സോക്കര്‍ സ്‌കൂളിലൂടെയാണ് കളിപഠിച്ചത്. ഐലീഗില്‍ ഗോകുലം കേരള എഫ്.സി ജൂനിയര്‍ ടീമിലും ബ്ലാസ്‌റ്റേഴ്‌സ് കൗമാരനിരയിലിലുമെല്ലാം സത്യന്‍ സ്‌കൂളിലെ പ്രതിഭകളുണ്ട്. നിലവില്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് ടീം സെലക്ഷന്‍ ക്യാമ്പ് നടത്തുന്നത്. ഓരോ ബാച്ചിലും 30 അംഗസംഘത്തെ സെലക്ട് ചെയ്ത് കൃത്യമായ പരിശീലനത്തിലൂടെ മികവിലേക്കുയര്‍ത്തുന്നു. ഇതിനായി മികച്ച കോച്ചിംഗ് നിരതന്നെയുണ്ട്. പരിമിതികള്‍ക്ക് നടുവിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം. സ്വന്തമായൊരു ഗ്രൗണ്ട് എന്ന ലക്ഷ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. മറ്റുക്ലബുകള്‍ ചെയ്യുന്നതുപോലെ കുട്ടികളില്‍ നിന്ന് വലിയ സംഖ്യ ഈടാക്കുകയോ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പ്രവര്‍ത്തനരീതിയില്‍ മാറ്റംവരുത്താനോ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. പലപ്പോഴും സ്‌കൂള്‍ നടത്തിപ്പ് പ്രതിസന്ധിനേരിട്ടെങ്കിലും സത്യന്‍ എന്ന പേരുനല്‍കുന്ന ആത്മവിശ്വാസമാണ് പ്രചോദനമായത്. പരാധീനതകള്‍ക്കിടയിലും പുതിയ പ്രതിഭകളെ കണ്ടെത്തി നിശ്ചയദാര്‍ഢ്യത്തോടെ യാത്രതുടരുകയാണ് സോക്കര്‍ സ്‌കൂള്‍. സത്യന്റെ സ്വപ്‌നങ്ങളിലേക്ക്.