തിരൂര്‍: കാലാവധി തീര്‍ന്ന ലൈസന്‍സുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ച് മലപ്പുറം ജില്ലയില്‍ രണ്ട് ജോയിന്റ് ആര്‍.ടി.ഒ.മാരെ സസ്പെന്‍ഡ്‌ചെയ്തു. തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ. എസ്.എ. ശങ്കരപിള്ള, കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ. എം.എ. അന്‍വര്‍ മൊയ്തീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥത പടരുന്നുണ്ട്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം. കാലാവധി തീര്‍ന്ന് ഒരുവര്‍ഷമായ ലൈസന്‍സുകള്‍ പുതുക്കുന്നത് ടെസ്റ്റ് നടത്തിയശേഷം മാത്രമേ ആകാവൂ എന്ന ഉത്തരവ് ലംഘിച്ച് അപേക്ഷകരുടെ കാലാവധിയുള്ള ഗള്‍ഫ് ലൈസന്‍സും മറ്റു രേഖകളും മുഖവിലക്കെടുത്ത് പുതുക്കിനല്‍കിയെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
എസ്.എ. ശങ്കരപിള്ള 2023 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെ 1370 ലൈസന്‍സുകള്‍ ടെസ്റ്റ് നടത്താതെ പുതുക്കിനല്‍കിയെന്നും ഇതില്‍ ചിലത് തിരൂര്‍ സബ് ആര്‍.ടി.ഒ. ഓഫീസിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ. 2023 ജനുവരി ഒന്നുമുതല്‍ 2023 ഓഗസ്റ്റ് 31 വരെ, കാലാവധി കഴിഞ്ഞ 424 ലൈസന്‍സുകള്‍ ടെസ്റ്റ് നടത്താതെ പുതുക്കി നല്‍കിയെന്നാണ് ടി.സി. സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്.
കേരളത്തില്‍ നാല് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഇതേ കുറ്റംചുമത്തി അടുത്തിടെ സസ്പെന്‍ഡ്‌ചെയ്തിരുന്നു. ഇവര്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പത്തുമാസം മുന്‍പാണ് ശങ്കരപിള്ള തിരൂരിലും അന്‍വര്‍ മൊയ്തീന്‍ കൊണ്ടോട്ടിയിലും ജോയിന്റ് ആര്‍.ടി.ഒ. ആയി ചുമതലയേറ്റത്. ടി.സി. സ്‌ക്വാഡിന്റെ കണക്കുകള്‍ തെറ്റാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. നിയമം തെറ്റിച്ച് യാതൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.