X

ഒൻപത് മാസം കൊണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത് 17,545 ലൈസൻസ്

തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ കർശനമാക്കിയതോടെ വിവിധ കുറ്റങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമാകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഈ വർഷം സെപ്റ്റംബർവരെ വിവിധ കുറ്റങ്ങൾക്ക് 17,545 പേരുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. എ.ഐ. ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾകൂടി പരിഗണിക്കുമ്പോൾ ഇത് 23,000 കവിയും. 2022-ൽ 13,078 ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.

കോവിഡ് കാലഘട്ടമായ 2020-21ൽ ആയിരത്തിൽ താഴെയായിരുന്നു. അതിനുമുമ്പുള്ള വർഷങ്ങളിൽ 4000-ൽ താഴെയും. 2019-ൽ കേന്ദ്രമോട്ടോർവാഹനനിയമ ഭേദഗതിക്കുശേഷമാണ് ശിക്ഷ കർശനമാക്കിയത്. ചുവപ്പുസിഗ്നൽ അവഗണിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാം. ജൂണിലാണ് എ.ഐ. ക്യാമറകൾ വന്നത്. ഒരാൾതന്നെ കുറ്റം ആവർത്തിച്ചെന്ന് ചിത്രങ്ങളിലൂടെ കണ്ടെത്താൻ പറ്റും. ഡ്രൈവറെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് അയക്കും. വാഹനം ഓടിച്ചയാളെ എത്തിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരേ നടപടിയുണ്ടാകും.

പോലീസും മോട്ടോർവാഹനവകുപ്പും എടുക്കുന്ന കേസുകൾക്ക് പുറമേ, കോടതികളും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുണ്ട്. മൂന്നുമാസംമുതൽ ഒരുവർഷംവരെയാണ് സാധാരണ സസ്പെൻഷൻ കാലാവധി. കുറ്റം ആവർത്തിച്ചാൽ ഇരട്ടിയാക്കും. സസ്പെൻഷൻ ഉത്തരവ് രജിസ്ട്രേഡ് തപാലിൽ ലഭിക്കും. ശിക്ഷാകാലയളവിൽ മോട്ടോർവാഹനവകുപ്പിന്റെ പരിശീലനക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ.

webdesk14: