തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളില്‍ കഴിയുന്നത് 17,105 പേര്‍. നിയമസഭയില്‍ മന്ത്രി ആര്‍ ബിന്ദു വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അന്തേവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടില്ല. വൃദ്ധസദനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി സെക്കന്റ് ഇന്നിങ്‌സ് ഹോം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമമായ ഇന്ത്യാ ടുഡേയുടെ സര്‍വേ അംഗീകൃതമല്ലെന്നും മന്ത്രി പറഞ്ഞു. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ സര്‍വേയില്‍ രാജഗിരി കോളജ് മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ദേശീയ തലത്തില്‍ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ കേരളത്തിലെ നാലു സര്‍വകലാശാലകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ആദ്യ നൂറില്‍ 17 കോളജുകളുമുണ്ട്. ഇന്ത്യാ ടുഡേയുടെ സര്‍വേ മാനദണ്ഡം നാഗരിക മേഖലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സ്വകാര്യ ഏജന്‍സി എന്ന നിലയില്‍ അവര്‍ക്ക് അവരുടേതായ മുന്‍വിധികളുണ്ടാകും. അതിനെ മാനദണ്ഡമായോ അംഗീകൃത വിലയിരുത്തലായോ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസത്തിന് കീഴിലുള്ള ബിടെക് കരിക്കുലം നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 2022-23 അക്കാദമിക വര്‍ഷം എം ടെക് കരിക്കുലം നവീകരിച്ചു. എപിജെ അബ്ദുള്‍കലാം ശാസ്ത്രസാങ്കേതി സര്‍വകലാശാലയ്ക്ക് സ്വന്തമായി പഠന ഗവേഷണ വകുപ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നവീന എന്‍ജീനിയറിംഗ് കോഴ്‌സുകള്‍ വിവിധ കോളജുകളില്‍ ആരംഭിക്കും.