X

17 സംസ്ഥാനങ്ങള്‍ വിധിയെഴുതുന്നു; ആദ്യ നാല് മണിക്കൂറില്‍ 25.72 ശതമാനം പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ നാല് മണിക്കൂറിൽ 25.72 ശതമാനം പോളിങ് രേഖപ്പെടുത്തി. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 102 സീറ്റുകളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, യുപി, മിസോറം, മേഘാലയ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വോട്ട് രാജ്യത്തിന്റെ ജനാധിപത്യത്തിനും വരുന്ന തലമുറയ്ക്കും വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

അതേസമയം, പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ബി.ജെ.പിയെന്നും ബൂത്ത്‌ ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു.

ബംഗാളിന് പിന്നാലെ മണിപ്പൂരിലും അക്രമ സംഭവങ്ങൾ ഉണ്ടായി. ഇംഫാൽ ഈസ്റ്റിൽ പോളിങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്.

webdesk13: