ഗസ്സ: ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 17പേര്‍ കൊല്ലപ്പെട്ടു. ഗസ്സയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
വടക്കന്‍ ഗസ്സയിലെ ജബലിയ്യയില്‍ പ്രകടനക്കാര്‍ക്കു നേരെ നടത്തിയ വെടിവെപ്പിലാണ് 25കാരനായ മുഹമ്മദ് നജ്ജാര്‍ മരിച്ചത്. റഫയിലുണ്ടായ സംഘര്‍ഷത്തില്‍ 38കാരന്‍ മഹ്മൂദ് മുഅമ്മറും 22 കാരന്‍ മുഹമ്മദ് അബൂ ഉമറും കൊല്ലപ്പെട്ടു. അഹ്മദ് ഔദ (19), ജിഹാദ് ഫ്രെനഹ് (33), മഹ്മൂദ് സാദി റഹ്മി (33), അബ്ദുല്‍ ഫത്താഹ് അബ്ദുന്നബി (22), ഇബ്രാഹിം അബൂ ശഹര്‍ (20), അബ്ദുല്‍ ഖാദിര്‍ അല്‍ ഹവാജിരി, സാരി അബൂ ഔദ, ഹംദാന്‍ അബൂ അംഷെ, ജിഹാദ് അബൂ ജാമൂസ്, ബദര്‍ അല്‍ സബ്ബാഗ്, നാജി അബൂ ഹജൈര്‍ എന്നിവരാണ് ഇസ്രാഈല്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഖാന്‍ യൂനുസിന് സമീപമുള്ള തന്റെ കൃഷി സ്ഥലത്ത് നില്‍ക്കുമ്പോഴാണ് പത്താമനായ ഉമര്‍ വഹീദ് അബു സമൂര്‍ കൊല്ലപ്പെട്ടത്. മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചു വരുന്നതേയുള്ളു എന്ന് ഫലസ്തീന്‍ വക്താക്കള്‍ അറിയിച്ചു. 1,400 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. പലരുടെയും പരിക്ക് അതീവ ഗുരുതരമാണ്. ഗസ്സയില്‍ അടക്കം ഇസ്രാഈല്‍ നടത്തിയ ക്രൂരതയില്‍ രാജ്യം തേങ്ങുകയാണെന്ന് ഫലസ്തീന്‍ അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് ദുഖാചരണം തുടരുകയാണ്. സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. നിരായുധരായ പ്രകടനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പലസ്തീനിയന്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായേല്‍ എന്ന സംഘടനാ വക്താവ് അദാല പറഞ്ഞു.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രാഈലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്‍ ഇസ്രാഈല്‍ സൈന്യം പിന്‍വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്‍ പൗരന്മാര്‍ അണിചേര്‍ന്നത്. ഇസ്രഈലിലെ സ്വന്തം നാടുകളിലേക്ക് പോകാന്‍ അഭയാര്‍ത്ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറാഴ്ച സമരം.
ഫലസ്തീന്‍: ഇസ്‌റാഈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി
Tags: palastine