X

ദുബൈയില്‍ ബസ്സപകടം; മരിച്ച മലയാളികളുടെ എണ്ണം എട്ടായി

സ്വന്തം ലേഖകന്‍
ദുബൈയില്‍ നിയന്ത്രണം വിട്ട ബസ് സൈന്‍ ബോര്‍ഡില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ട് ആയി. ഇവര്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ 17 പേരാണ് ആകെ മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ വ്യാഴാഴ്ച വൈകീട്ട് 5.40നായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

31 പേരാണ് അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25), തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍(40), തൃശൂര്‍ സ്വദേശികളായ ജമാലുദ്ദീന്‍, വാസുദേവന്‍ വിഷ്ണുദാസ്, കിരണ്‍ ജോണി (വള്ളിത്തോട്ടത്തില്‍ പൈലി), കോട്ടയം സ്വദേശി കെ.വിമല്‍കുമാര്‍, കണ്ണൂര്‍ സ്വദേശി രാജന്‍ പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേര്‍ മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടുപാക്ക് സ്വദേശികളും ഒമാന്‍ സ്വദേശിയും അയര്‍ലണ്ട് സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഒമാനിലെ മസ്‌കത്തില്‍നിന്ന് ദുബൈയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഒമാനില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. റാഷിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കു പ്രവേശിക്കുന്ന എക്‌സിറ്റ് പോയിന്റിലെ സൈന്‍ ബോര്‍ഡിലാണ് ബസ് ഇടിച്ചത്. ഇവിടെ ഉയരമുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്ന സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 2.2 മീറ്റര്‍ ഉയരത്തിലുള്ള ഈ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് ബസിന്റെ ഇടതു മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 31 പേരുണ്ടായിരുന്ന ബസില്‍ ഇടതു ഭാഗത്തിരുന്നവരാണ് മരിച്ചവരെല്ലാം. സൂര്യപ്രകാശം തടയാനുള്ള മറയുണ്ടായിരുന്നതിനാല്‍ സൈന്‍ ബോര്‍ഡ് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇയാള്‍ വേഗ നിയന്ത്രണവും പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബൈയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂവെന്ന് കമ്പനി അറിയിച്ചു. മുഹമ്മദ്-ആസിയ ദമ്പതികളുടെ മകനാണ് അപകടത്തില്‍ മരിച്ച തലശ്ശേരി സ്വദേശി ഉമ്മര്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഉമ്മര്‍. മകന്‍ നബീല്‍ ദുബൈ എയര്‍പോര്‍ട്ടിലെ എയ്‌റോനോട്ടിക്ക് എഞ്ചിനീയറാണ്. ബിസിനസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം 30ന് ഉമ്മര്‍ നാട്ടില്‍ നിന്നു വിദേശത്തേക്ക് പോയത്. മസ്‌ക്കറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മകള്‍ ലുബ്നയുടെ വീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഭാര്യ: എ.ടി സറീന. മറ്റു മക്കള്‍: അബ്ദുല്ല (കച്ചവടം, തലശ്ശേരി), അമ്ന (വിദ്യാര്‍ഥിനി). മരുമകന്‍: ഇജ്ജാസ്(മസ്‌ക്കറ്റ്). സഹോദരങ്ങള്‍: റഹ്മാന്‍, ഖാലിദ്, ഇസ്മയില്‍, ഇസ്ഹാഖ്. ദുബൈയില്‍ സെഞ്ച്വറി മെക്കാനിക്കല്‍ സിസ്റ്റംസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ദീപക് കുമാര്‍. കൂടെയുണ്ടായിരുന്ന ഭാര്യ ആതിരക്കും മകള്‍ അതുല്യക്കും(നാല് വയസ്സ്) അപകടത്തില്‍ പരിക്കേറ്റു.

തൃശൂര്‍ തളിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു മരിച്ച ജമാലുദ്ധീന്‍(49). കൈതക്കല്‍ അറക്കവീട്ടില്‍ മുഹമ്മദുണ്ണിയുടെ മകനാണ്. ദൂബായിലെ മീഡിയ സിറ്റിയിലെ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ജമാലുദ്ദീനും സുഹൃത്തുക്കളും പെരുന്നാള്‍ അവധിക്ക് ഒമാനിലെ മസ്—ക്കറ്റില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടം. ദല എന്ന പ്രവാസി സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: സുഹാന (തളിക്കുളം എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനി), ഷാഫിയ.
കണ്ണൂര്‍ മൊറാഴ പാളിയത്ത് വളപ്പ് സ്വദേശിയാണ് മരിച്ച പുതിയ പുരയില്‍ രാജന്‍(48). ദീര്‍ഘകാലമായി ദുബൈയില്‍ സ്റ്റോര്‍കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് ദുബൈയിലേക്ക് പോയത്.പരേതനായ പുതിയ പുരയില്‍ ഗോപാലന്റെ മകനാണ്. അമ്മ: നാരായണി. ഭാര്യ: സുജന. മകള്‍: നേഹ. മരുമകന്‍: രാഹുല്‍.

chandrika: