X

കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് 17.48 ലക്ഷം പ്രവാസികള്‍

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 17.48 ലക്ഷം പ്രവാസികള്‍. ഇതില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയവരാണ്. യു.എ.ഇയില്‍ നിന്ന് മാത്രം കേരളത്തിലേക്ക് മടങ്ങിയത് 10 ലക്ഷത്തിലധികം പ്രവാസികളാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 17,48,431 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ 10,39,651 പേര്‍ മടങ്ങി വന്നത് യു.എ.ഇയില്‍ നിന്നാണ്. സഊദി അറേമ്പ്യയില്‍ നിന്നും ഖത്തറില്‍ നിന്നും രണ്ട് രക്ഷത്തോളം പ്രവാസികളും സ്വന്തം നാട്ടിലേക്ക് മടങ്ങി. ഒമാനില്‍ നിന്നും 1.57 ലക്ഷം പേരും കുവൈറ്റില്‍ നിന്ന് 58,186 പേരും ബഹ്‌റൈനില്‍ നിന്ന് 51,863 പേരും കേരളത്തിലേക്ക് മടങ്ങിയെത്തി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്നെല്ലാംകൂടി എത്തിയത് 57,996 പേരാണ്. മടങ്ങിയെത്തിയ 17 ലക്ഷത്തിലധികം പ്രവാസി മലയാളികളില്‍, 72 ശതമാനം പേരും കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചതാണ്. ഇവരില്‍ വലിയൊരു വിഭാഗത്തിനും മടങ്ങിപോകാന്‍ കഴിഞ്ഞിട്ടില്ല. 12.64 ലക്ഷം പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. വിസ കാലാവധി കഴിഞ്ഞതിനാല്‍ 3.347 ലക്ഷം പ്രവാസികള്‍ക്ക് തിരിച്ചുവരേണ്ടിവന്നു. പത്ത് വയസിന് താഴെയുള്ള 98,487 കുട്ടികളും മടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. 33,375 മുതിന്ന പൗരന്മാരും 14,338 ഗര്‍ഭിണികളും മടങ്ങിയെത്തി. ഗര്‍ഭിണികളുടെ പങ്കാളികളായ 3441 പേരും നാട്ടിലേക്ക് മടങ്ങി.

കേരളത്തിലെ പ്രവാസികളുടെ തിരിച്ചു വരവിന്റെ പ്രവണതകള്‍ കോവിഡിന്് മുമ്പേ തുടങ്ങിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 2018ല്‍ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 12.95 ലക്ഷം ആണ്. 2013ല്‍ 24 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2018ല്‍ 21 ലക്ഷമായി കുറഞ്ഞു. കേരളത്തില്‍ നിന്നുള്ള കുടിയേറ്റം കുറയുകയും തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന പ്രവണത 2018ല്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെയാണ് കോവിഡ് മൂലമുള്ള പ്രവാസികളുടെ മടങ്ങിവരവ്. 2018ലെ കണക്കു പ്രകാരം മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് 4.06 ലക്ഷം പേര്‍. കണ്ണൂര്‍-2.49 ലക്ഷം, തൃശൂര്‍-2.41 ലക്ഷം, കൊല്ലം-2.40 ലക്ഷം, കോട്ടയം-1.66 ലക്ഷം, കോഴിക്കോട്-1.60 ലക്ഷം, തിരുവനന്തപുരം-1.37 ലക്ഷം, ആലപ്പുഴ-1.36 ലക്ഷം, പത്തനംതിട്ട-1.09 ലക്ഷം, പാലക്കാട്-89,065, കാസര്‍കോട്-67,281, എറണാകുളം-53,418, ഇടുക്കി-32,983, വയനാട്-30,650,എന്നിങ്ങനെയാണ് പ്രവാസികളുടെ എണ്ണം.

Test User: