കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയെന്ന് അംഗീകരിക്കാതെയും ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നടത്തിയ അഭിപ്രായങ്ങളോട് പ്രതികരിക്കാതെയും മുഖ്യമന്ത്രി പിണറായി വിജയന്‍ കടുംപിടുത്തം തുടരുന്നു. കടകള്‍ എല്ലാ ദിവസവും തുറക്കുന്നതിലൂടെ തിരക്ക് ഒഴിവാക്കി രോഗവ്യാപനം തടയാനാകുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) വ്യക്തമാക്കിയിട്ടുള്ളത്. ഇതുതന്നെയാണ് കഴിഞ്ഞ ദിവസം വ്യാപാരി സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നിട്ട് വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന സര്‍ക്കാര്‍, ആധികാരിക ഏജന്‍സികളുടെയും ആരോഗ്യ വിദഗ്ധരുടെയും അഭിപ്രായത്തിന് വില കല്‍പിക്കുന്നില്ല.
ഇക്കഴിഞ്ഞ 13ന് ഐ.എം.എ കേരള ഘടകം വളരെ വിശദമായി തന്നെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ പൂര്‍ണമായി പഠനവിധേയമാക്കിയ ശേഷമാണ് ഐ.എം.എ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് ഇനിയും പ്രതികരിച്ചിട്ടില്ല. ലോക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നാണ് ഐ.എം.എയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം.
ശക്തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുക്കണം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളുമാണ് വേണ്ടത്. കൂട്ടം ചേരലുകള്‍ നിയന്ത്രിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങളും മറ്റു മേഖലകളിലെ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കണം, ശാസ്ത്രീയമായി ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കിലും മനുഷ്യന്റെ ദൈനംദിന ജീവിതവും പരിഗണിക്കപ്പെടേണ്ടതുണ്ട് തുടങ്ങിയവയാണ് ഐ.എം.എ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്.
എന്നാല്‍ ശനിയും ഞായറും മാത്രം വൈറസ് വരുമെന്നും ബിവറേജസിലും മറ്റ് മദ്യശാലകളിലും കോവിഡ് വ്യാപിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ കണ്ടുപിടുത്തമെന്ന് സാമൂഹ്യമാധ്യമങ്ങള്‍ പരിഹസിക്കുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുവര്‍ത്തിക്കേണ്ടത് ജീവിതത്തിന്റെ ഭാഗമായി മാറുന്ന സ്ഥിതിയുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതേസമയം സാധാരണ ജനങ്ങളുടെ വികാരം മറ്റൊന്നാണ്. ഒന്നുകില്‍ പൂര്‍ണമായി അടച്ചിടുക, അല്ലാത്തപക്ഷം എല്ലാ സ്ഥാപനങ്ങളും തുറന്നുവെക്കുക എന്നാണ് ഇവരുടെ അഭിപ്രായം. ബാങ്കുകള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും മുന്നിലെ ആള്‍ക്കൂട്ടം പോലീസിനെ ഉപയോഗിച്ചു പോലും നിയന്ത്രിക്കാവുന്നതിനപ്പുറമാണ്. ജനസംഖ്യയുടെ 80 ശതമാനം പേരെങ്കിലും വൈറസിനെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിച്ചാല്‍ മാത്രമേ ഈ മഹാമാരി അവസാനിക്കൂവെന്ന് ഐ.എം.എ പറയുമ്പോള്‍ നിയന്ത്രണങ്ങള്‍ ശാസ്ത്രീയമാക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്. കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നതിന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിന് സര്‍ക്കാര്‍ ഒട്ടുംതന്നെ വിലകല്‍പ്പിക്കുന്നില്ല.