പി.എം സാദിഖലി
ലോക മനസ്സാക്ഷിക്ക്മുന്നില്‍ വീണ്ടും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. മനഃസാക്ഷി മരവിച്ച ലോകം നിരാലംബരായ ഫലസ്തീന്‍ ജനതക്ക്മുന്നില്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്ന പതിവ് പശ്ചാത്തലം തന്നെയാണ് ഇപ്പോഴും. ഇസ്രാഈല്‍ രൂപീകരിക്കപ്പെടുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമായി നീക്കിവെക്കപ്പെട്ട പ്രദേശങ്ങള്‍ക്ക്പുറമെ ജറുസലേം എന്ന സുപ്രധാന പ്രദേശം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലായിരുന്നു. മക്കയും മദീനയും കഴിഞ്ഞാല്‍ ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ ആരാധാനാലയമാണ് മസ്ജിദുല്‍ അഖ്‌സ. ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന പരിശുദ്ധ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തിയ പതിനായിരത്തോളം പേര്‍ക്ക്‌നേരെ ഇസ്രാഈല്‍ നടത്തിയ അതിക്രൂരമായ ആക്രമണമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം. ശൈഖ് ജാറയില്‍നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പുതിയ ജൂത കുടിയേറ്റത്തിന് ഇസ്രാഈല്‍ നടത്തുന്ന ശ്രമങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് ഈ സംഭവം. ഇസ്രാഈല്‍ രൂപം കൊണ്ടത്മുതല്‍ തുടരുന്ന അധിനിവേശത്തിന്റെ തുടര്‍ച്ചയാണിത്.
ഓരോ പ്രദേശവും ഇസ്രാഈലിലേക്ക് ചേര്‍ക്കുമ്പോള്‍ രാജ്യമില്ലാത്ത ഫലസ്തീനികള്‍ നടത്തുന്ന ചെറുത്ത്‌നില്‍പ് സംഘട്ടനമല്ല. അധിനിവേശത്തിനെതിരായ സമരമാണ്. ഫലസ്തീന്റെ ചരിത്രം നിലനില്‍പിനു വേണ്ടിയുള്ള സമരത്തിന്റെ ചരിത്രമാണ്. കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ് ഫലസ്തീന്‍ സംഘര്‍ഷം. സാമ്രാജ്യത്വം ഇഷ്ടമില്ലാത്തത് അടിച്ചേല്‍പിക്കും. 1948ല്‍ ഇസ്രാഈലിനെ സൃഷ്ടിച്ചതു പോലെയാണ് 1947ല്‍ ഇന്ത്യയെ ബ്രിട്ടന്‍ വിഭജിച്ചത്. ഇന്ത്യയും പാക്കിസ്താനും അതിരുകള്‍ നിശ്ചയിക്കപ്പെട്ട രണ്ടു രാജ്യങ്ങളാവുകയും രണ്ടു രാജ്യങ്ങളെയും ലോകം അംഗീകരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനം സുരക്ഷിതവും സ്വതന്ത്രവുമായ സര്‍ക്കാറുകള്‍ക്ക് കീഴിലാണെന്ന് കരുതപ്പെടുന്ന 70 വര്‍ഷങ്ങളാണ് കടന്നു പോയത്. ഇന്ത്യയിലെ പുതിയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സുരക്ഷിതത്വം അനുഭവിച്ചവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. എന്നാല്‍ ഫലസ്തീനിലെ അവസ്ഥ ഇതല്ല. ഫലസ്തീനെ വിഭജിച്ച് ഇസ്രാഈല്‍ ഉണ്ടാക്കിയെങ്കിലും ഇസ്രാഈല്‍ ഇപ്പോഴും അതിരുകള്‍ നിര്‍ണ്ണയിക്കപ്പെടാത്ത രാജ്യമായി തുടരുന്നു. സയണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ഇസ്രാഈല്‍ ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയാണ്. ഇസ്രാഈല്‍ ഭരിച്ചവരില്‍ ഏറ്റവും തീവ്രമായ സയണിസ്റ്റ് ആശയം വെച്ചുപുലര്‍ത്തിയ വ്യക്തിയാണ് ഏരിയല്‍ ഷാരോണ്‍.
1967ലെ അറബ് സേനക്കെതിരായ ആറു ദിനം നീണ്ട യുദ്ധത്തിന്റെ മുഖ്യ ശില്‍പിയും ആസൂത്രകനുമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1948ല്‍ ഇസ്രാഈല്‍ രൂപീകൃതമായപ്പോള്‍ ഒരു അറബ് ഗ്രാമം ചുട്ടുകരിച്ചതിന് നീതിന്യായ കോടതിയുടെ മുന്നില്‍ ഏരിയല്‍ ഷാരോണ്‍ വിചാരണക്കെത്തുന്നുണ്ട്. ആരാണ് ഈ കൂട്ടക്കൊലക്ക് താങ്കളെ പ്രേരിപ്പിച്ചതെന്ന് കോടതി ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി നിങ്ങളാണ്, ഭരണകൂടമാണ് എന്നാണ്. ഭരണകൂടം നിഷ്‌കളങ്കരെ കൊല്ലാന്‍ പ്രേരിപ്പിക്കുമോ എന്ന ചോദ്യത്തിന് സയണിസത്തിന്റെ കുപ്രസിദ്ധമായ ആപ്തവാക്യമായിരുന്നു ഷാരോണിന്റെ മറുപടി. ജനതയില്ലാത്ത ഭൂമിയിലേക്ക് ഭൂമിയില്ലാത്ത ജനത എന്ന വാക്യം. ശൂന്യമായിരിക്കേണ്ട സ്ഥലത്ത് ആളുകളെ കണ്ടപ്പോള്‍ ഞാന്‍ വെടിവെച്ചു എന്ന് ഷാരോണ്‍ പറയുന്നു. സയണിസം പഠിപ്പിച്ചുവെച്ചതാണ് അദ്ദേഹം പറഞ്ഞത്.
1917ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്‍തര്‍ ബാല്‍ഫറിന്റെ നേതൃത്വത്തില്‍ ജെറുസലേം ആസ്ഥാനമായി ഇസ്രാഈല്‍ രാഷ്ട്രം എന്ന ആശയത്തിന് പിന്‍ബലം കിട്ടുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ജനം അവിടെയുണ്ടായിരുന്നു. ജനമില്ലാത്ത ഭൂമിയായിരുന്നില്ല അത്. എന്നാല്‍ ജൂതന്മാരുടെ പ്രദേശം എന്ന് വ്യാഖ്യാനിച്ച് ആ പ്രദേശത്തെ ശൂന്യദേശമെന്ന് പറഞ്ഞ് പഠിപ്പിച്ചു. ഇപ്പോഴും അതിരുകള്‍ നിശ്ചയിക്കപ്പെടാത്ത, ഓരോ സമയത്തും അതിരുകള്‍ വിപുലീകരിക്കുന്ന ഇസ്രാഈലിന്റെ ശ്രമമാണ് ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഈ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോകം ഇന്ന് ഫലസ്തീനികള്‍ക്ക് ഒപ്പമില്ല എന്നത് ദുഃഖകരമായ സ്ഥിതിവിശേഷമാണ്.
ഇസ്രാഈല്‍-ഫലസ്തീന്‍ സംഘട്ടനം എന്നാണ് ഇസ്രാഈല്‍ അധിനിവേശത്തെ ഇപ്പോഴും വിശേഷിപ്പിക്കുന്നത്. അതൊരു സംഘട്ടനല്ല. സമരവും ചെറുത്തുനില്‍പുമാണ്. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുണ്ടായ പോരാട്ടം ലോകത്തിന്റെ അനുഭാവം ഫലസ്തീനികള്‍ക്ക് ലഭിക്കാന്‍ കാരണമായിട്ടുണ്ട്. യാസര്‍ അറഫാത്തിനുശേഷം പി.എല്‍.ഒയുടെ കഴിവു കേടും അഴിമതിയും ജനങ്ങളുടെ വിശ്വാസ്യതയില്‍ കുറവ് വരുത്തിയിട്ടുണ്ട്. അറബ് നേതൃത്വങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്ന് മാറിനില്‍ക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. 1980കളുടെ ഒടുവില്‍ രൂപപ്പെട്ട ഇന്‍തിഫാദ ലോക മനസ്സിന്റെ അനുതാപം ഫലസ്തീനികള്‍ക്ക് ലഭിക്കാന്‍ കാരണമായി. 1990കളുടെ തുടക്കത്തില്‍ കുവൈത്ത് അധിനിവേശത്തിന് ന്യായമായി സദ്ദാം ഹുസൈന്‍ പറഞ്ഞ ഒരു കാര്യം ഫലസ്തീനുമേല്‍ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ കുവൈത്തില്‍നിന്ന് പിന്മാറാം എന്നായിരുന്നു. ഇന്‍തിഫാദക്കനുകൂലമായ ലോക മനോഭാവം മാറുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണിത്. ഇങ്ങനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌വേണ്ടി പലരും ഫലസ്തീനികളെ ഉപയോഗിച്ചിട്ടുണ്ട്.
ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിന്റെ ഉത്തരം സഹോദരങ്ങളായ അറബ് രാജ്യങ്ങള്‍ ഇസ്രാഈലുമായി നടത്തുന്ന നയതന്ത്ര ചങ്ങാത്തമാണ്. ഫലസ്തീനികള്‍ക്ക് പ്രത്യക്ഷത്തില്‍ പിന്തുണ കൊടുക്കേണ്ടവര്‍ തന്നെ അതിന് വിമുഖത കാണിക്കുകയാണ്.
മുസ്‌ലിംലീഗ് എക്കാലത്തും ഫലസ്തീന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കൂടെനിന്ന പാര്‍ട്ടിയാണ്. 1937 ഡിസംബര്‍ അഞ്ചിന് കൊയിലാണ്ടി കടപ്പുറത്ത് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സമ്മേളനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന മര്‍ദ്ദനമുറകള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. കെ.എം സീതി സാഹിബായിരുന്നു ആ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. അക്കാലം തൊട്ടേ ലോകത്തെ രാഷ്ട്രീയ ചലനങ്ങളോട് മുസ്‌ലിംലീഗ് പ്രതികരിച്ചിരുന്നു. കൊയിലാണ്ടിയിലെ സയ്യിദ് ഹാഷിം ബാഫഖി തങ്ങളുടെ കുറിപ്പുകളില്‍ ഈ അനുഭാവത്തിന്റെ അടയാളങ്ങളുണ്ട്. 1945 ഒക്ടോബര്‍ മാസത്തില്‍ നടേരിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് അദ്ദേഹം വിവരിക്കുന്നുണ്ട്. സി.എച്ച് മുഹമ്മദ് കോയയോടൊപ്പം ഫലസ്തീന്‍ യോഗത്തില്‍ പങ്കെടുത്തു എന്നാണ് ആ കുറിപ്പില്‍ പറയുന്നത്. മുസ്‌ലിംലീഗ് നേതൃത്വം അതിന്റെ ആദ്യ കാലങ്ങളില്‍തന്നെ ഇത്തരം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോട് ഐക്യപ്പെട്ടിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണിവ.
ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്ക് എന്നതുപോലെ, ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്ക് എന്നതുപോലെ, ഫലസ്തീന്‍ ഫലസ്തീനികള്‍ക്ക് മാതൃരാജ്യമാണ് എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഫലസ്തീന്‍ പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം ഓര്‍ത്തെടുക്കാറുണ്ട്. ഗാന്ധിയുടെ ഈ നയം തന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവും പിന്തുടര്‍ന്നത്. ഫലസ്തീനെ ഒരു രാഷ്ട്രമായി ഐക്യരാഷ്ട്ര സഭ പോലും പരിഗണിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യ യാസര്‍ അറഫാത്തിനെ റെഡ് കാര്‍പറ്റ് വിരിച്ചാണ് സ്വീകരിച്ചത്. രാജീവ്ഗാന്ധിയും അങ്ങനെയായിരുന്നു. നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രാഈലുമായി ചെറിയരീതിയില്‍ നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടത്. പഴയ കാലത്ത് ഇന്ത്യയിലെ പൗരന് പാസ്‌പോര്‍ട്ട് അനുവദിക്കുമ്പോള്‍ വര്‍ണവിവേചനം നിലനില്‍ക്കുന്ന ഇസ്രാഈലിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും യാത്ര ചെയ്യാന്‍ അനുമതില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. രണ്ടാം വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് ഇസ്രാഈലുമായി വീണ്ടും നയതന്ത്രം ദൃഢമാകുന്നത്. പിന്നീട് ഇരു യു.പി. എ സര്‍ക്കാറുകളുടെ കാലത്തും ഫലസ്തീനികളോട് ഇന്ത്യ ശക്തമായ അനുഭാവം പുലര്‍ത്തി. സീതിസാഹിബിന്റെ ശിഷ്യനായ വിശ്വപൗരന്‍ ഇ. അഹമ്മദാണ് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഈ നിലപാടിന് കരുത്ത്പകര്‍ന്നത്. യാസര്‍ അറഫാത്തിനെ റാമല്ലയില്‍ വീട്ടു തടങ്കലിലാക്കിയപ്പോള്‍ ഇ. അഹമ്മദ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആശ്ലേഷിക്കുകയും ചെയ്തത് അഭിമാനകരമായ ചരിത്രമാണ്. ഗസ്സയിലേക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സഹായം എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഫലസ്തീന്‍ പ്രശ്‌നം മുസ്‌ലിം പ്രശ്‌നമായി ചുരുക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നം അറബ് ദേശീയതയുടെ പ്രശ്‌നമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമെല്ലാമുള്ള ബഹുസ്വര സമൂഹമാണ് ഫലസ്തീന്‍. എന്നാല്‍ ആഗോള മുസ്‌ലിം ഭീകരതയുടെ ഭാഗമാണ് ഫലസ്തീന്‍ പ്രശ്‌നം എന്ന് വരുത്താനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നമായി ഫലസ്തീന്‍ പ്രശ്‌നത്തെ കൈകാര്യംചെയ്യാന്‍ സാധിക്കണം. ഫലസ്തീന്‍ പൗരന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ഇസ്രാഈല്‍ സൈനികന്റെ ചിത്രം നാം കണ്ടു. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് പറഞ്ഞ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ന്ന് മരിച്ചുപോയ അമേരിക്കക്കാരനായ ജോര്‍ജ് #ോയിഡിനെ നാം മറന്നിട്ടില്ല. കറുത്തവനും മുസ്‌ലിമും ഭീകരന്മാരാണെന്നും വെറുക്കപ്പെടേണ്ടവരാണെന്നുമുള്ള സാമ്രാജ്യത്വത്തിന്റെ മനോഗതിയാണ് ഇസ്രാഈലും വെച്ചുപുലര്‍ത്തുന്നത്.
2003ല്‍ മഹാതീര്‍ മുഹമ്മദിന്റെ കാലത്ത് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു ലോക മുസ്‌ലിം സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് മഹാതീര്‍ മുഹമ്മദ് പറഞ്ഞ കാര്യം ഈ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ലോകത്തിന്മുന്നില്‍ ജീവിച്ചു വിജയിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ദൈവത്തെ മഹത്വപ്പെടുത്തി ആധുനിക സമൂഹമായി നാം ജീവിക്കണം. 50 വര്‍ഷമായി ഫലസ്തീനില്‍ പോരാട്ടം നടത്തിയിട്ടും വിജയിക്കാന്‍ കഴിയുന്നില്ല എന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മുസ്‌ലിംകളെ നയിക്കേണ്ടത് ചിന്തയും ധിഷണയുമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ഉപസംഹരിക്കുന്നത്.
ചിന്തയും ധിഷണയും ഉയര്‍ത്തിപ്പിടിച്ച് ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം. ഫലസ്തീന്‍ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന ലോകം ആദരിക്കുന്ന എഡ്വേഡ് സെയ്ദിന്റെ മകള്‍ നജ്‌ലയുടെ ഒരു ഓര്‍മക്കുറിപ്പുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം സൂറിച്ച് വിമാനത്താവളത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയമായ അനുഭവം. നജ്‌ലയും അമ്മയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ എഡ്വേഡ് സെയ്ദിന്റെ പാസ്‌പോര്‍ട്ടില്‍ ഫലസ്തീനെന്നോ ഇസ്രാഈല്‍ എന്നോ അല്ല കണ്ടത്. ജന്മദേശം ജെറുസലേം എന്നായിരുന്നു. ജെറുസലേം, ഫലസ്തീന്‍ എന്ന് എഴുതാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, അദ്ദേഹത്തിന് അതിന് അനുവാദമുണ്ടായിരുന്നില്ല. അപ്പോഴേക്കും ജെറുസലേം ഇസ്രാഈല്‍ കൈവശപ്പെടുത്തിയിരുന്നു. ജന്മഭൂമി നഷ്ടമായ ഒരു പൗരന്റെ സ്ഥൈര്യം നിറഞ്ഞ പോരാട്ടവും മനോവേദനയുമാണ് ജെറുസലേം എന്ന് മാത്രമെഴുതിയ എഡ്വേഡ് സെയ്ദിന്റെ പാസ്‌പോര്‍ട്ടിലൂടെ ലോകം കണ്ടത്. കോപ്റ്റിക് ക്രിസ്ത്യാനിയായ എഡ്വേഡ് സെയ്ത് ഫലസ്തീനി എന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ച ആളാണ്. ഫലസ്തീന്‍ ബഹുസ്വരതയുടെയും അറബ് ദേശീയതയുടെയും ഇടമാണ്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ രാഷ്ട്രീയ പരിഹാരവും ആ രീതിയില്‍ കാണേണ്ടതാണ്. ഫലസ്തീനു വേണ്ടി ശബ്ദിക്കുന്ന മുസ്‌ലിം നേതൃത്വവും ഈ അര്‍ത്ഥത്തിലുള്ള പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.