ത്തര്‍പ്രദേശില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് പൊളിച്ച് മാറ്റി അധികൃതര്‍. റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 21 വെള്ളിയാഴ്ച മീററ്റിലെ ഡല്‍ഹി റോഡിലാണ് സംഭവം. നാഷണല്‍ ക്യാപിറ്റല്‍ റീജ്യണ്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പദ്ധതിയായ റാപ്പിഡ് റെയില്‍ സിസ്റ്റത്തിന്റെ ഭാഗമായാണ് പൊളിക്കല്‍ നടപടി.
കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്. സംഭവത്തില്‍ പ്രദേശവാസികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നടപടി തികഞ്ഞ അനീതിയാണെന്ന് നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ ന്യായീകരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. റാപ്പിഡ് റെയില്‍ പദ്ധതിയുടെ ഭാഗമാണ് പൊളിക്കല്‍ നടപടിയെന്നും പദ്ധതി വിശാലമായ ഒന്നാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പള്ളി കമ്മിറ്റിയിലെ അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മസ്ജിദ് പൊളിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും (എ.ഡി.എം) എന്‍.സി.ആര്‍.ടി.സി ഉദ്യോഗസ്ഥരുമാണ് മസ്ജിദ് കമ്മിറ്റിയിലുള്ളവരുമായി ചര്‍ച്ച നടത്തിയതെന്നും എസ്.പി പറഞ്ഞു. ഫെബ്രുവരി 20നാണ് കൂടിക്കാഴ്ച നടന്നത്. ഇതിനുപിന്നാലെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്.
മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതിനായി ബദല്‍ ഭൂമി അനുവദിച്ചിട്ടില്ലെന്നും അത്തരമൊരു അപേക്ഷ കമ്മിറ്റി നല്‍കിയിട്ടില്ലെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് യു.പിയിലെ ഹത നഗറിലെ മദ്‌നി മസ്ജിദ് അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേയുടെ കാലാവധി പൂര്‍ത്തിയായതോടെയായിരുന്നു നടപടി.
സംസ്ഥാനത്തുടനീളമായി ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെയാണ് വികസനത്തിന്റെ പേരിലുള്ള യു.പി ഭരണകൂടങ്ങളുടെ പൊളിക്കല്‍ നടപടികള്‍.