X

കൊച്ചിയില്‍ ഐപിഎല്‍ താരലലേത്തിന് 80 താരങ്ങള്‍ക്കായി ചെലവഴിച്ചത് 167 കോടി രൂപ

കൊച്ചി: നടന്നത് ചെറുലേലമാണെങ്കിലും ചെലവഴിച്ച തുകയില്‍ റെക്കോഡിട്ടാണ് കൊച്ചിയില്‍ ഐപിഎല്‍ മിനി താരലലേത്തിന് കൊടിയിറങ്ങിയത്. 80 താരങ്ങള്‍ക്കായി 167 കോടി രൂപയാണ് പത്ത് ടീമുകള്‍ ആകെ ചെലവഴിച്ചത്. മുഴുവന്‍ തുകയും ചെലവഴിക്കാതെ തന്നെ എല്ലാ ടീമുകള്‍ക്കും മികച്ച താരങ്ങളെ നേടാനായതും കൊച്ചി ലേലത്തെ ശ്രദ്ധേയമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്ന് കരാറുകളാണ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്നത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് (18.50 കോടി) പഞ്ചാബ് കിങ്‌സ് ഇലവന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയപ്പോള്‍, മറ്റൊരു ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രിനിനായി മുംബൈ ഇന്ത്യന്‍സ് 17.5 കോടി രൂപയാണ് മുടക്കിയത്. ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനായി ചെന്നൈ കിങ്‌സ് 16.25 കോടി മുടക്കിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും പഴങ്കഥയായി. ഏറ്റവും ഉയര്‍ന്ന തുക നേടിയ നാലു താരങ്ങള്‍ക്കായി മാത്രം 70 കോടിയിലേറെ രൂപയാണ് ടീമുകള്‍ ലേലത്തില്‍ ചെലവഴിച്ചത്. രണ്ടു കോടി രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരങ്ങള്‍ക്കാണ് മിനി ലേലത്തില്‍ മോഹവില ലഭിച്ചത്. മൂന്ന് മലയാളി താരങ്ങള്‍ക്കായി 70 ലക്ഷം രൂപ ടീമുകള്‍ ചെലവിട്ടു. കെ.എം ആസിഫ്, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ക്കായി രാജസ്ഥാന്‍ റോയല്‍സ് 50 ലക്ഷം രൂപ മുടക്കിയപ്പോള്‍ വിഷ്ണു വിനോദിന് 20 ലക്ഷം രൂപയും മുംബൈ ഇന്ത്യന്‍സ് വിലയിട്ടു.

35.70 കോടി രൂപ മുടക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഐപിഎല്‍ മിനി ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 6.55 കോടി രൂപ അവരുടെ പഴ്‌സില്‍ അവശേഷിക്കുകയും ചെയ്തു. 20 കോടി ചെലവഴിച്ച പഞ്ചാബ് കിങ്‌സിന്റെ പേഴ്‌സിലാണ് കൂടുതല്‍ തുക (12.20 കോടി) അവശേഷിച്ചത്. മുംബൈ ഇന്ത്യന്‍സാണ് ലേലത്തില്‍ പരമാവധി തുക ചെലവഴിച്ചത്. അഞ്ച് ലക്ഷം രൂപ മാത്രമാണ് മുംബൈക്ക് അവശേഷിച്ചത്. ചെന്നൈയിന്‍ കിങ്‌സ് 1.50 കോടി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 1.65 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 1.75 കോടി, ഗുജറാത്ത് ടൈറ്റന്‍സ് 4.45 കോടി, ഡല്‍ഹി ക്യാപിറ്റല്‍സ് 4.45 കോടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 3.35 കോടി, രാജസ്ഥാന്‍ റോയല്‍സ് 3.35 കോടി എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ക്ക് അവശേഷിച്ച തുക.

webdesk11: