X
    Categories: indiaNews

1600 കോടി രൂപയുടെ ആസ്തി; ചില്ലറക്കാരിയല്ല ചിക്‌പേട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി

കര്‍ണാടക തിരഞ്ഞെടുപ്പില്‍ നമ്മനിദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതോടെ ബെംഗളൂരു നഗരത്തിലെ ചിക്‌പേട്ട് മണ്ഡലത്തില്‍ സ്വതന്ത്രയായി പത്രിക നല്‍കിയ 37 കാരി ഷാസിയ തരന്നും ആണ് ഇപ്പോള്‍ വാര്‍ത്താ താരം. 1622 കോടിയുടെ ആസ്തിയാണ് ഇവര്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയത്. ഭര്‍ത്താവിനൊപ്പം കോലാറിലെ ഗോള്‍ ഫീല്‍ഡില്‍ ആക്രി കച്ചവടം നടത്തി നേടിയ വരുമാനം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചാണ് ഇത്ര വലിയ സമ്പാദ്യം നേടിയതെന്നാണ് ഇവര്‍ പറയുന്നത്.

റിയല്‍ എസ്‌റ്റേറ്റ് സ്ഥാപന ഉടമയായ കെ.ജി.എഫ് ബാബു എന്നറിയപ്പെടുന്ന യൂസഫ് ശരീഫാണ് ഇവരുടെ ഭര്‍ത്താവ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെ.ജി.എഫ്) പ്രദേശത്തെ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വരെ പഠിച്ച ഷാസിയ ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരമാണ് മത്സര രംഗത്തിറങ്ങുന്നതെന്നും വെളിപ്പെടുത്തി. ചിക്‌പേട്ടില്‍ കോണ്‍ഗ്രസ് ടിക്കറ്റ് പ്രതീക്ഷിച്ച യൂസഫ് ഷെരീഫ് മൂന്ന് വര്‍ഷത്തിലധികമായി മണ്ഡലം കേന്ദ്രീകരിച്ചു ജീവകാരുണ്യ രംഗത്ത് സജീവമാണ്. 1743 കോടി ആസ്തിയുണ്ടായിരുന്ന താന്‍ ഈ അടുത്ത കാലയളവിലായി 121 കോടിയോളം രൂപ ജനക്ഷേമ പരിപാടികള്‍ക്കായി ചിലവഴിച്ചെന്ന് ഇയാള്‍ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കെ.ജി.എഫ് ബാബു പ്രഖ്യാപിച്ചത്. സൗജന്യ പാചകവതകം, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പുകള്‍, ഭവനരഹിതര്‍ക്ക് വീടുകള്‍ തുടങ്ങി സ്വന്തം സ്വത്തില്‍ നിന്നും മസാന്തം മൂന്നര കോടി ചിലവഴിക്കുമെന്നാണ് വാഗ്ദാനം. മാസങ്ങള്‍ക്കു മുന്‍പ് യൂസഫ് ഷെരീഫിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

കോണ്‍ഗ്രസ് ഇവിടെ ഇതുവരെ സ്ഥാനര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യ ദിനം ചിക്‌പേട്ട് മണ്ഡലത്തില്‍ പത്രിക നല്‍കിയവരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്ന മുന്‍ മേയര്‍ ഗംഗാ ബികെ മല്ലികാര്‍ജുനുമുണ്ട്. സിറ്റിംഗ് എം.എല്‍.എ. ഉദയ് ഗരുഡാചാറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.

webdesk11: