ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ 16 വയസ്സുകാരി ആരംഭിച്ച സമരത്തിന് നിലവില്‍ പിന്തുണയുമായി എത്തിയത് 139 രാജ്യങ്ങള്‍. 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമര രംഗത്തുള്ളത്.
കാലാവസ്ഥാ പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് നില്‍ക്കുന്ന ലോകത്തിന് പ്രതീക്ഷയുടെ രൂപമായി മാറുകയാണ് സ്വീഡിഷ് വിദ്യാര്‍ത്ഥിനി ഗ്രേറ്റാ തുന്‍ബെര്‍ഗ്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ ഇടപെടല്‍ വേണം. ഇതാണ് ഗ്രേറ്റയുടെ ആവശ്യം.
ഗ്രേറ്റയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന രണ്ട് ആഗോള സമരത്തിലും വിദ്യാര്‍ഥികള്‍ മാത്രമാണ് പങ്കെടുത്തത്. പക്ഷെ ഇന്നത്തെ സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും അണിനിരക്കുന്നു. ഈ മാസം 23ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കും. വിഷയത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.
ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി വമ്പന്‍ കമ്പനികളുടെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പായ്ക്കപ്പലില്‍ 15 ദിവസം കൊണ്ട് അറ്റ്‌ലാന്റിക്ക് സമുദ്രം താണ്ടിയാണ് ഗ്രേറ്റ അമേരിക്കയിലെത്തിയത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ.