X
    Categories: Article

അബ്ദുള്‍ കരീം :അല്‍ഭുതത്തിന് പിറകിലെ ശക്തി

കമാല്‍ വരദൂര്‍

കേരളാ പൊലീസ് ഫുട്‌ബോള്‍ ടീം സത്യത്തില്‍ ഒരല്‍ഭുതമായിരുന്നു. അല്‍പ്പം ഫുട്‌ബോള്‍ പ്രിയരുടെ മനസിലെ ഊര്‍ജ്ജമായിരുന്നു അത്. അതില്‍ ഒന്നാമന്‍ അന്നത്തെ ഡി.ജി.പി എം.കെ ജോസഫായിരുന്നു. ഐ.എം വിജയന്‍ എന്ന കൊച്ചു തൃശൂരുകാരനെ പരിചയപ്പെടുത്തി ഡി.ജി.പിയെ വിളിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. പൊലീസ് എന്നാല്‍ ക്രമസമാധാന പാലനം എന്ന മുദ്രാവാക്യത്തില്‍ നിന്നും മാറി കായികതയുടെ അടയാളമായി മാറണമെന്ന ഡി.ജി.പിയുടെ നിലപാടിന് ശക്തി പകര്‍ന്ന വ്യക്തിയായിരുന്നു എ.അബ്ദുള്‍ കരീം.

ഡി.ജി.പിക്ക്് മുന്നില്‍ അന്നത്തെ കാല്‍പ്പന്ത് പ്രതികളെ പരിചയപ്പെടുത്താറുള്ളത് ഈ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കരീം നിര്‍ദ്ദേശിക്കുന്നവരെ ഡി.ജി.പി മാറ്റി നിര്‍ത്തില്ല. വിജയനും സി.വി പാപ്പച്ചനുമെല്ലാം ഈ വഴിയില്‍ പൊലീസില്‍ എത്തിയവരാണ്.

ഷറഫലി ഉള്‍പ്പെടെയുള്ളവര്‍ കാലിക്കറ്റ് വാഴ്‌സിറ്റി സംഘത്തില്‍ കസറി വന്നപ്പോള്‍ ഇവര്‍ക്കൊപ്പം വിജയനുള്‍പ്പെടുന്നവരെ അവതരിപ്പിച്ച കരീമിന്റെ മനസ് നിറയെ കാല്‍പ്പന്ത് മാത്രമായിരുന്നു. ഇന്നലെ അദ്ദേഹം കാലത്തിന്റെ മൈതാനത്ത് അവസാന പന്തും തട്ടിയപ്പോള്‍ ആ സംഘാടക കരുത്തിനെ ആര് മറന്നാലും പാപ്പച്ചനും വിജയനും ഷറഫലിയുമൊന്നും മറക്കില്ല.

ഇന്ത്യന്‍ ഫുട്‌ബോളില്‍ വിസ്മയ സംഘമായി പൊലീസ് മാറിയപ്പോള്‍ എത്രയോ കിരീടങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ഇന്നും പൊലീസ് ടീമുണ്ട്-പക്ഷേ എം.കെ ജോസഫും അബ്ദുള്‍ കരീമുമൊക്കെ നല്‍കിയ പിന്തുണ അവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം. മലപ്പുറം എം.എസ്.പിയില്‍ പുതിയ ഫുട്‌ബോള്‍ അക്കാദമി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കരീമിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ ചിറക് മുളക്കുമെന്നത് പ്രതീക്ഷ മാത്രം.

 

Test User: