സനാതന ധര്‍മം സംബന്ധിയായ പ്രചാരണം ചർച്ചയായതിന് പിന്നാലെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിന്‍. ഭരണവീഴ്ച മറയ്ക്കാൻ ഫാസിസ്റ്റ് ശക്തികൾ വ്യാജപ്രചാരണം നടത്തുകയാണെന്നും സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ല ഇത് മറയ്ക്കാനാണ് ബിജെപി നേതാക്കള്‍ തന്‍റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്.വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് അവരെ തന്നെ സംരക്ഷിക്കാനുള്ള ശ്രമമാണ്.
ഡിഎംകെ ഒരു മതത്തിനും എതിരല്ല. മതം സബന്ധിച്ച് അണ്ണായുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ആളുകളെ മതം സമത്വത്തിലേക്ക് നയിക്കുന്നുവെങ്കില്‍ താനുമൊരു വിശ്വാസിയാണ്. എന്നാല്‍ മതം ജാതിയുടെ പേരില്‍ ആളുകളെ വിഭജിക്കുകയും തൊട്ടുകൂടായ്മയും അടിമത്തവും പഠിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്ന ആദ്യത്തെ ആളാവും താനെന്നാണ് അണ്ണാ പറഞ്ഞതെന്നും ഉദയനിധി പറഞ്ഞു.
മോദിയും സംഘവും തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്. ഇത്തരക്കാരോട് തനിക്ക് സഹതാപം മാത്രമാണുള്ളത്. കഴിഞ്ഞ 9 വര്‍ഷമായി മോദി ഒന്നും ചെയ്തിട്ടില്ല. നോട്ട് നിരോധിച്ചു, ഒളിത്താവളങ്ങളുണ്ടാക്കി, പുതിയ പാര്‍ലമെന്റ് കെട്ടിടമുണ്ടാക്കി അവിടെ ചെങ്കോല്‍ സ്ഥാപിച്ചു, രാജ്യത്തിന്‍റെ പേര് മാറ്റാന്‍ കളികൾ നടക്കുന്നു. ഉദയനിധി അണികളോടായി പറഞ്ഞു.
മണിപ്പൂരിനേക്കുറിച്ചുള്ള ചോദ്യങ്ങളൊഴിവാക്കാനായി മോദി സുഹൃത്തായ അദാനിക്കൊപ്പം നാട് ചുറ്റുകയാണ്. ആളുകളുടെ അറിവില്ലായ്മയാണ് ഇത്തരക്കാരുടെ രാഷ്ട്രീയ നാടകത്തിന്‍റെ മൂലധനം. മണിപ്പൂരില്‍ 250 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതും 7.5 കോടിരൂപയുടെ അഴിമതിയും മറയ്ക്കാനാണ് മോദി സനാതന കാര്‍ഡ് ഇറക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രകോപനപരമായ കാര്യങ്ങളില്‍ നിന്ന് അണികള്‍ പിന്തിരിയണം. സന്യാസിമാർക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കയോ ചെയ്യരുത്. അതിനായി സമയം പാഴാക്കരുത്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുക.പ്രവര്‍ത്തകര്‍ക്കുള്ള തുറന്ന കത്തില്‍ ഉദയനിധി വ്യക്തമാക്കി