X

മഴക്കാലം തുടങ്ങി; പാമ്പിനെ സൂക്ഷിക്കണം;  ഇക്കാര്യങ്ങൾ മറക്കരുത്

മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം. അതുകൊണ്ടാണ് വളർത്തുമൃ​ഗങ്ങളുള്ളവർക്ക് പാമ്പിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്ന് പറയുന്നത്.

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പതിവാണ്. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകൾ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഇടുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകൾ അകത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

 പാമ്പുകളെ അകറ്റാൻ ചില പൊടികൈകൾ;

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഇത് വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യാം.

സവോള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകളെ അകറ്റും.

നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും.

വീടിന്റെ അതിരുകളിൽ ചെണ്ടുമല്ലി പോലുളള ചെടികൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ​ഗന്ധം പാമ്പിന് അലോസരമാണ്.

webdesk14: