എ ഐ ക്യാമറ പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന ഹൈക്കോടതി വിധി സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണെന്നു കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കും- സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്. അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാൽ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നിൽക്കാൻ തന്നെയാണ് സാധ്യത. കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.