കോഴിക്കോട് : പിറന്ന നാട്ടിൽ ജീവിക്കാൻ പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒക്ടോബർ 12 ന് കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ യുദ്ധ വിരുദ്ധ വലയത്തിനെതിരെ പൊലീസ് കേസെടുത്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് നഗരം പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്ത്. നാട് മുഴുവനും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ നടത്തിയ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേസെടുത്തത് പിണറായി സർക്കാറിൻ്റെ മോദീ അനുകമ്പയുടെ ഭാഗമാണ്. ഇരകൾക്കൊപ്പം നിൽക്കുന്ന ഇന്ത്യയുടെ പരമ്പരാഗത നയത്തിനെതിരായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച മോദിയും ഫലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്ത പിണറായിയും ഒരേ നിലപാടാണ് പിന്തുടരുന്നത്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിലും ഇടത് സർക്കാറിൻ്റെ ഇരട്ടത്താപ്പ് വ്യക്തമായിരുന്നു അദ്ദേഹം തുടർന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയും പിണറായി സർക്കാർ എണ്ണൂറോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.