X

ബെംഗളൂരുവിൽ പ്രതിപക്ഷ കക്ഷികളുടെ രണ്ടാമത്തെ യോഗം ഇന്ന് ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും

ബിജെപി ഭരണത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർടികളുടെ യോഗം ഇന്ന് ബംഗളൂരുവിൽ ചേരും. താജ് വെസ്റ്റ്എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ 24 പ്രതിപക്ഷ പാർടിയുടെ പ്രതിനിധികൾ പങ്കെടുക്കും. ബംഗളൂരുവിൽ കോൺഗ്രസാണ് ആതിഥേയർ
പട്നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ജൂൺ 23നാണ് ആദ്യ യോഗം ചേർന്നത്.ഈ യോഗത്തിൽ 15 പാർട്ടികൾ പങ്കെടുത്തിരുന്നു.

കോൺഗ്രസ്, എഎപി, തൃണമൂൽ കോൺഗ്രസ്, മുസ്ലിംലീഗ്,ഡിഎംകെ, ആർജെഡി, ജെഡിയു, സമാജ്‌വാദി പാർടി, എൻസിപി, സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ജാർഖണ്ഡ് മുക്തിമോർച്ച, നാഷണൽ കോൺഫറൻസ്, പിഡിപി, ശിവസേന (ഉദ്ദവ് വിഭാഗം),ആർഎൽഡി, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്), ഫോർവേഡ് ബ്ലോക്ക്, ആർഎസ്‌പി, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കുദേശ മക്കൾ കക്ഷി (കെഡിഎംകെ). എന്നീ പാർട്ടികളാണ് ബംഗളുരുവിലെ യോഗത്തിൽ കൂടിച്ചേരുന്നത്.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് നേതാക്കൾ ബംഗളൂരുവിൽ എത്തി. യോഗത്തിൽ മുസ്ലിം ലീഗ് പി.എ.സി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, നാഷണൽ പ്രസിഡന്റ് പ്രൊ. ഖാദർ മൊയ്‌തീൻ , ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കും.

കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ്‌ പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആർഎൽഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ഇന്ന് വൈകിട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. അനൗദ്യോഗിക ചർച്ചയുമുണ്ടാകും.നാളെ വൈകിട്ട് സംയുക്ത വാർത്താസമ്മേളനം നടത്തും .പൊതുമിനിമം പരിപാടി തയ്യാറാക്കാൻ സമിതി രൂപീകരിക്കും. കൂട്ടായ്മയ്ക്ക് പേര്‌ നൽകുന്നതും പരിഗണനയിലുണ്ട്.

 

webdesk15: