X

പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി

എസ്. സുധീഷ് കുമാർ

പടിക്കെട്ടുകള്‍ കയറിയെത്തുന്ന വള്ളക്കാലില്‍ ഉമ്മറം. ഉരുകിയൊലിച്ച മെഴുകി തിരിവെട്ടത്തിന്റെ പ്രഭയില്‍ മരകുരിശ്. വറ്റാത്ത വാല്‍സല്യമേകിയ പ്രിയപ്പെട്ടവര്‍ ചുറ്റിലൂം നില്‍ക്കെ കുഞ്ഞൂഞ്ഞ് നീണ്ടു നിവര്‍ന്നു കിടന്നു, ആരെയും നോവിക്കാതെ.ഒരു വിളിയില്‍ ഓടിയെത്തുമെന്ന് പലരും ചിന്തിച്ചു. കൈകളുയര്‍ത്തി സ്‌നേഹം പങ്കുവെയ്ക്കുമെന്ന മോഹം പലരിലുമുണ്ടായി. ഇനിയില്ല, പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി. ചൂടന്‍ ചര്‍ച്ചകള്‍ക്കായി എത്തുന്നവര്‍ക്കായി ഒരുക്കിയ നെടുനീളന്‍ കസേരയില്‍ ഇരിക്കാന്‍ ഇനിയാരും കടന്നു വരില്ല. തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

രണ്ടു നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചത്. നാട് മുഴുവന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയപ്പോഴും പുതുപ്പള്ളിക്കാര്‍ കാത്തിരുന്നു, പ്രിയപ്പെട്ടവനായി. ഇന്നലെ ഉച്ചയോടെ ഭൗതിക ദേഹം വീട്ടിലെത്തിക്കുമെന്നറിഞ്ഞതോടെ ജനം പുതുപ്പള്ളിയിലേക്ക് വണ്ടി കയറി. ഹൈറേഞ്ചുകാരും മണിമലക്കാരും മലബാറുകാരും എല്ലാം ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനുഗ്രഹമെന്ന വണ്ണം കള്ളകര്‍ക്കിടക മഴ മാറി നിന്നതോടെ ജനത്തിന്റെ ഒഴുക്കേറി. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ബന്ധുക്കള്‍ എത്തി തുടങ്ങിയിരുന്നു. പിന്നാലെ നാട്ടാരും. കുഞ്ഞൂഞ്ഞിന്റെ കാരുണ്യത്തില്‍ ജീവിതം കരുപിടിപ്പിച്ചവര്‍ അലമുറയിട്ടാണ് എത്തിയത്. അവര്‍ പതംപറഞ്ഞു കരഞ്ഞു; വിങ്ങിപൊട്ടി. പകല്‍ തെളിഞ്ഞു നിന്നതോടെ ഓരോരുത്തരായി കുഞ്ഞൂഞ്ഞിനെ സ്വീകരിക്കാന്‍ വീടൊരുക്കി. ചിലര്‍ വീട്ടിലേക്കുള്ള വഴി തെളിച്ചു. ചിലര്‍ വലിയ പള്ളിയിലേക്കോടി. അവിടുത്തെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍.

മരണ വിവരമറിഞ്ഞ സമയം ബന്ധുകള്‍ മരകട്ടില്‍ വെടിപ്പാക്കി തൂവെള്ള വിരിച്ചു. ബൈബിളും മെഴുകുതിരികളും ഒ രുക്കിവെച്ചു. തലവെയ്ക്കാനുള്ള പടിഞ്ഞാറ് തെക്കേ കോണില്‍ വെയ്ക്കാനുള്ള പൂര്‍ണകായ എണ്ണഛായ ചിത്രവുമായാണ് രമേശെന്ന ആര്‍ട്ടിസ്റ്റിന്റെ വരവ്.
ശുശ്രൂഷയ്ക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തി വലിയ പള്ളിയില്‍ നിന്ന് ഗായക സംഘമെത്തി. ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്മാരും ബിഷപ്പുമാരും പിതാക്കന്മാരും ഇടവേളകളിലായി പ്രാര്‍ത്ഥന ചൊല്ലി. വലിയ പള്ളിക്ക് പടിഞ്ഞാറേ കോണിലെ ചിറയില്‍ അന്തിമയങ്ങി. സൂര്യന്‍ തിരിതാഴ്ത്തിയപ്പോള്‍ കുഞ്ഞുഞ്ഞിനെ വലിയ പള്ളിയിലേക്ക് കോണ്ടു പോയി. പ്രത്യേകം ഒരുക്കിയ പന്തലില്‍ സഭാമേലധ്യക്ഷന്മാരുടെ ശുശ്രൂഷ. കിഴക്കേ കോണില്‍ പനിനീര്‍ പൂക്കളാല്‍ കല്ലറ അലങ്കരിച്ചിരിക്കുന്നു. വിശുദ്ധി തുളുമ്പുന്ന അരളിപൂക്കളും. പരിശുദ്ധ പിതാക്കന്മാര്‍ക്കിടയില്‍ ജനങ്ങളുടെ കണ്ണിലുണ്ണിക്കായി ഓര്‍ത്തഡോക്‌സ് സഭയൊരുക്കിയ പ്രത്യേക ഇടം. രാത്രി ഏറെ വൈകേണ്ടി വന്നില്ല. ജനസാഗരങ്ങളെ സാക്ഷിയാക്കി, ബന്ധുജനങ്ങളെ തനിച്ചാക്കി കുഞ്ഞൂഞ്ഞ് മറഞ്ഞു. ഓര്‍മിക്കാന്‍ കുഞ്ഞൂഞ്ഞ് ഒരുക്കിയ ഒരു ഉമ്മന്‍ ചാണ്ടിക്കാലം.

 

webdesk15: