ഇന്ന് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റേതടക്കം നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെട്ട ചെറുവണ്ണൂർ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയ ആളാണ് ഇദ്ദേഹം. ആഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മരണപ്പെട്ടവരുടെയും നിപ പോസിറ്റീവ് ആയവരുടെയും സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്. ഇവരുടെ ഫോൺ ലോക്കേഷൻ കൂടി പരിശോധിച്ച് വിട്ടുപോയ സ്ഥലങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം ഹെെ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ ലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിപ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മൊബെെൽ ലാബിൽ ഒരേ സമയം 192 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. എൻ.ഐ.വി പൂനയിൽനിന്നുള്ള ബി.എസ്.എൽ 3 സൗകര്യമുള്ള മൊബെെൽ ലാബ് ഉള്ളതിനാൽ നിപ സ്ഥിരീകരണം ജില്ലയിൽ സാധ്യമാണ്. നിപ പരിശോധനയിൽ നെഗറ്റീവ് ആയാലും 21 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി നിർദേശിച്ചു.