മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.നോട്ടിസ് ലോക്‌സഭാ സ്പീക്കര്‍ അംഗീകരിച്ചു.ബഹളത്തെത്തുടർന്ന് 12 മണിവരെ സഭ പിരിഞ്ഞു. സഭ വീണ്ടും ചേരുമ്പോൾ അവിശ്വാസ പ്രമേയം പരിഗണിച്ചേക്കും. കോണ്‍ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷട്ര സമിതി (ബിആർസ്) പാർട്ടിയും നോട്ടിസ് നൽകി. ബിആർഎസ് എംപി നമ നാഗേശ്വര റാവുവുമാണ് നോട്ടിസ് നൽകിയത്. മണിപ്പുർകലാപം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും സഭ സ്തംഭിച്ചു
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നു സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആഭ്യന്തരമന്ത്രി മറുപടി പറയുമെന്ന നിലപാടാണ് സർക്കാർ ആവർത്തിക്കുന്നത്. അവിശ്വാസപ്രമേയ നീക്കം സംബന്ധിച്ച് മുഖ്യ പ്രതിപക്ഷപാർട്ടികളുടെ നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു.