കോഴിക്കോട് പനി മരണത്തിന് കാരണം നിപയാണോയെന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.ഇന്ന് വൈകുന്നേരത്തോടെ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിക്കും.ഇപ്പോള്‍ നടക്കുന്നത് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു. നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
കോഴിക്കോട് സംഭവിച്ച അസ്വഭാവിക പനിമരണങ്ങളുടെ സാഹചര്യം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു.16 കോർ ടീമുകൾ രൂപീകരിച്ച് 16 പേർക്ക് ചുമതല നൽകിയിട്ടുണ്ട്. കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.മെഡിക്കൽ കോളേജിൽ എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.പ്രാഥമിക സമ്പർക്ക പട്ടികയിൽ 75 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മരിച്ച വ്യക്തിയുടെ ഒമ്പത് വയസുകാരനായ മകന്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ് മരിച്ചയാളുടെ സഹോദരന്റെ പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലാണ്. ഇത്തരത്തില്‍ മരിച്ചയാളുടെ അടുപ്പത്തിലുള്ളവര്‍ക്കും അസ്വഭാവിക പനിലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയം തോന്നിയതെന്നും മറ്റു മുന്‍കരുതലുകള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ മരിച്ച വ്യക്തിയും നേരത്തെ മരിച്ച വ്യക്തിയും ഒരു മണിക്കൂര്‍ സമയത്തോളം ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാത്രി തന്നെ സര്‍വയലന്‍സ് ആരംഭിച്ചത്. അതിന് ശേഷം നിപ സംശയിക്കുകയും അതിന് വേണ്ടിയുള്ള പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു. രണ്ടാമത്തെ മരണത്തിന്റെയും ആരോഗ്യവകുപ്പിന്റെ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ ഉന്നതതല യോഗം ചേരുകയും ഉന്നത ഉദ്യേഗസ്ഥര്‍ കോഴിക്കോട് എത്തിച്ചേരുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി എ മുഹമ്മദ് റിയാസ്, നാദാപുരം,കുറ്റ്യാടി എംഎൽഎമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുക്കുന്ന ഒരു അവലോകനയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസിൽ ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.