വസ്തു സംബന്ധമായ തർക്കത്തിന്റെ പേരിൽ അക്രമം നേരിട്ട വിവരം പോലീസിൽ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നിലമേൽ കൈതോട് എലിക്കുന്നാം മുകൾ ബിസ്മി ഹൗസിൽ ഷറഫുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രദേശവാസികളായ രണ്ടുപേർ അക്രമം നടത്തിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് പരാതി.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ അല്ലാത്ത ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 6181/21 കേസ് പുനരന്വേഷിക്കണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ദക്ഷിണ മേഖലാ പോലീസ് ഐ.ജി. ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി വാസ്തവ വിരുദ്ധമാണെന്ന റിപ്പോർട്ടാണ് അദ്ദേഹം നൽകിയത്. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി. ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കണമെന്നായിരുന്നു അന്വേഷണ വിഭാഗത്തിന്റെ ശുപാർശ.