X

പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലെ തർക്കം ; ഒടുവിൽ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലെ തർക്കത്തെ തുടർന്ന് കുട്ടിക്ക് പേരിട്ട് ഹൈകോടതി.പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതിയുടെ നടപടി.പേര് കുട്ടിയുടെ തിരിച്ചറിയൽ സംവിധാനമാണെന്നും ഒരു വ്യക്തിക്കൊപ്പം പേര് എന്നുമുണ്ടാകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ നൻമക്ക് വേണ്ടി എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് പേരിടുന്നതെന്നും വ്യക്തമാക്കി.2020 ഫെബ്രുവരി 12ന് കുട്ടി ജനിച്ച ശേഷം പേരിടുന്നതിനെ ചൊല്ലി രക്ഷിതാക്കൾ തർക്കത്തിലായതിനെ തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ചേർക്കാൻ ഒരു പേര് നിർദേശിച്ച് മാതാവ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെ സമീപിച്ചെങ്കിലും പിതാവിന്‍റെ അനുമതിയും രജിസ്ട്രാർ ആവശ്യപ്പെട്ടു.എന്നാൽ, മറ്റൊരു പേരിടണമെന്ന നിലപാട് പിതാവ് സ്വീകരിച്ചതോടെയാണ് പ്രശ്‍നം കോടതിയിലെത്തിയത്.താൻ നിർദേശിച്ച പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.ജനന സർട്ടിഫിക്കറ്റിനായി മാതാപിതാക്കൾ ആലുവ നഗരസഭ സെക്രട്ടറിയെ സമീപിക്കാൻ കുടുംബ കോടതി നിർദ്ദേശിച്ചെങ്കിലും ഇരുവരും കൊട്ടാക്കാതിരുന്നതിനെ തുടർന്നാണ് ഹർജി ഹൈക്കോടതിയിലെത്തിയത്.പ്രശ്ന പരിഹാരത്തിന് കാത്ത് നിൽക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി വൈകിപ്പിക്കുമെന്നും ഇത് കുട്ടിയുടെ താൽപര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.

 

webdesk15: