അഡിസ് അബാബ: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 മരണം. 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 8.44നായിരുന്നു അപകടം. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. ആറു മിനുട്ടിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിന് സമീപമാണം വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.
വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങളെ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദ് ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. അഡിസ് അബാബക്കും നെയ്‌റോബിക്കുമിടയില്‍ പ്രതിദിന സര്‍വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. 2016ലാണ് വിമാനം സര്‍വീസ് ആരംഭിച്ചത്. ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് കമ്പനി സര്‍വീസിന് ഉപയോഗിക്കുന്നത്.