X

എം.ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല

എം.ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഈ ഫോര്‍മാറ്റില്‍ വിദ്യാര്‍ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്പറും ചേര്‍ത്ത് വൈസ് ചാന്‍സലറുടെ ഒപ്പ് പതിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ആകും. ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കാനാകും.

രഹസ്യമായി സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകതള്‍ കാണാതായത് ദുരൂഹമാണ്. സെക്ഷന്‍ ഓഫീസര്‍ക്കാണ് ഈ ഫോര്‍മാറ്റുകള്‍ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ്ുകള്‍ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റര്‍ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റിന്റെ 2 ഫോര്‍മാറ്റുകള്‍ കണ്ടെത്തിയിരുന്നു. അതോടെ കൂടൂതല്‍ അന്വേഷണം തുടങ്ങിയത്. ഫോര്‍മാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോള്‍ 54 എണ്ണം കാണാതായ വിവരം അറിയുന്നത്.

സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന 8 വിഭാഗങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാന്‍ സെക്ഷന്‍ ഓഫീസര്‍ ഇത് അസിസ്റ്റന്റിനെ കൈമാറുകയുമാണ് പതിവ്. 6 ജീവനക്കാരാണ് സെക്ഷനിലുള്ളത്.
വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാര്‍ വിവരം സ്ഥിരീകരിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. എന്നാല്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് ഇവര്‍ പറയുന്നില്ല. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും രജിസ്ട്രാര്‍ക്കും കൈമാറി. രണ്ടു പിജി സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടിയെന്നും അധികൃതര്‍ പറയുന്നു. ഇന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.

 

 

webdesk13: