പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ച് അനുവദിച്ച സർക്കാർ നടപടി പോരാട്ടത്തിന്റെ വിജയമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സിക്രട്ടറി പി കെ ഫിറോസും പറഞ്ഞു.
അലോട്ട്മെൻ്റുകൾ അവസാനിച്ചിട്ടും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മലബാറിൽ പ്ലസ് വണ്ണിന് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉന്നത മാർക്കോട് കൂടി SSLC പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് അഡ്മിഷൻ ലഭിക്കാതിരുന്നത്. ഈ വിഷയം ഉന്നയിച്ച് യൂത്ത് ലീഗ് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരുന്നു. ജൂലൈ 19 ന് കേസ് പരിഗണിച്ച ഹൈക്കോടതി സർക്കാറിൻ്റെ അഭിപ്രായം തേടാൻ ജൂലൈ 24 ലേക്ക് മാറ്റിവെച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി. റിട്ട് ഹർജി ഫയൽ ചെയ്യുന്നതിന് മുന്നേയായി ഗൂഗിൾ ഫോം വഴി എസ്.എസ്.എൽ.സിക്ക് ഉന്നത മാർക്ക് നേടിയിട്ടും പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരം ശേഖരിച്ചിരുന്നു.
പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തത നേരത്തേ തന്നെ മുസ്‌ലിം ലീഗ് സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ സർക്കാർ വേണ്ടത്ര ഗൗരവത്തിലെടുക്കാതിരിക്കുകയും മലബാറിനോട് കടുത്ത വിവേചനം കാണിക്കുകയും ചെയ്തു. തുടർന്ന് മുസ്ലിം ലീഗും, യൂത്ത് ലീഗും, എം എസ് എഫും ശക്തമായ സമര പോരാട്ടങ്ങൾ നടത്തി. അതിന്റെ വിജയമാണ് താൽക്കാലികമായി അധിക ബാച്ച് അനുവദിക്കാനുള്ള തീരുമാമെന്ന് നേതാക്കൾ തുടർന്നു. എന്നാൽ ഇതിലൂടെ പകുതി വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്വാസമാവുകയുള്ളൂ. എല്ലാവർക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്നാണ് യൂത്ത് ലീഗ് നിലപാട്. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തങ്ങളും ഫിറോസും കൂട്ടിച്ചേർത്തു.